വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ സെനറ്റര്‍മാരുടെ വിമര്‍ശനം ശക്തമാകുന്നതായി റിപ്പോര്‍ട്ട്. യുദ്ധത്തിനായി കൂടുതല്‍ സൈനികരെ പശ്ചിമേഷ്യയിലേക്ക് അയയ്ക്കുന്നതും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍മാര്‍ ട്രംപ് ഭരണകൂടത്തിനെതിരെ രംഗത്തെത്തിയത്.
യുദ്ധത്തിന്റെ പ്രത്യാഘാതമായി ഇന്ധനവില കുത്തനെ ഉയരുകയും സാധാരണക്കാരുടെ ജീവിതച്ചെലവ് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
ഇറാനിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാനുള്ള നീക്കത്തെ സെനറ്റര്‍ ക്രിസ് വാന്‍ ഹോളന്‍ ശക്തമായി വിമര്‍ശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനികരുടെ മരണസംഖ്യ സംബന്ധിച്ച വിവരങ്ങള്‍ ട്രംപ് ഭരണകൂടം മറച്ചുവെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇറാനിലെ സൈനിക നടപടികള്‍ക്കുള്ള ധനസഹായം കോണ്‍ഗ്രസ് തടയണമെന്നും വാന്‍ ഹോളന്‍ ആവശ്യപ്പെട്ടു. വിദേശ കാര്യ സമിതി അംഗമായ ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മര്‍ഫിയും ഇറാനെതിരായ യുദ്ധത്തെ വിമര്‍ശിച്ച് രംഗത്ത് വന്നു.
യുദ്ധം വലിയ ചെലവാണ് അമേരിക്കയ്ക്ക് സൃഷ്ടിക്കുന്നതെന്നും അതിന്റെ ആഘാതം ഏറ്റവും വ്യക്തമായി പ്രതിഫലിക്കുന്നത് ഇന്ധനവിലയിലാണെന്നും സെനറ്റര്‍ മര്‍ഫി പറഞ്ഞു.
ഡീസല്‍ വില യുദ്ധത്തിന് മുമ്പുണ്ടായിരുന്നതിന്റെ ഏകദേശം ഇരട്ടിയായതോടെ ഗതാഗതം ഉള്‍പ്പെടെ വിവിധ മേഖലകളിലെ ചെലവ് ഉയരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ ഇന്ധനവിലയിലെ വര്‍ധന ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചയിലും പ്രധാന വിഷയമായി മാറിയിട്ടുണ്ട്. ഡീസല്‍ വില ഗണ്യമായി ഉയര്‍ന്നതോടെ കര്‍ഷകര്‍, ഗതാഗത മേഖലയിലുള്ളവര്‍, ചെറുകിട ബിസിനസുകള്‍ തുടങ്ങി നിരവധി വിഭാഗങ്ങളെയാണ് അധിക ചെലവ് ബാധിക്കുന്നത്.
യുദ്ധം നീളുന്നതിനനുസരിച്ച് ഇന്ധനവിലയിലും മറ്റ് ഉത്പ്പന്നങ്ങളുടെ വിലയിലും കൂടുതല്‍ സമ്മര്‍ദമുണ്ടാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ ആഗോള ഇന്ധനവിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ജി-7 രാജ്യങ്ങള്‍ കരുതല്‍ ശേഖരത്തില്‍നിന്ന് 100 ദശലക്ഷം ബാരല്‍ എണ്ണയും ഇന്ധന ഉത്പ്പന്നങ്ങളും വിപണിയിലെത്തിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രത്യേകിച്ച് ഡീസല്‍ ലഭ്യത വര്‍ധിപ്പിച്ച് വിലക്കയറ്റം നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇറാനെതിരായ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജവിതരണ തടസങ്ങള്‍ക്കിടെയാണ് ജി-7 രാജ്യങ്ങളുടെ നടപടി.
യുദ്ധത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിലെ കപ്പല്‍ഗതാഗതത്തിനും തിരിച്ചടി നേരിടുന്നുണ്ട്. ഹോര്‍മൂസ് കടലിടുക്കില്‍ കുവൈത്ത് പതാകയുള്ള എണ്ണക്കപ്പലിന് നേരെയുണ്ടായ പ്രൊജക്ടൈല്‍ ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചിരുന്നു.
കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒമാനിലെത്തിച്ചതായി മസ്‌കറ്റിലെ ഇന്ത്യന്‍ എം.ബ.സി അറിയിച്ചു. വാണിജ്യ- എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ആഗോള എണ്ണവിതരണത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇറാനെതിരായ സൈനിക നടപടികള്‍ തുടരണമോ നയതന്ത്രപരമായ പരിഹാരത്തിലേക്ക് നീങ്ങണമോ എന്ന ചര്‍ച്ചയും അമേരിക്കയില്‍ ശക്തമാണ്. അതിനിടെ, യുദ്ധം നീളുന്നതും ഇന്ധനവില ഉയരുന്നതും ട്രംപ് ഭരണകൂടത്തിന് ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
Content Highlights: War with Iran: US Senators sharply criticize Trump.