| Thursday, 17th July 2025, 7:08 am

ഗസ യുദ്ധം; രണ്ടാഴ്ചയ്ക്കുള്ളിൽ ആത്മഹത്യ ചെയ്തത് നാല് ഇസ്രഈലി സൈനികർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഗസയിലെ യുദ്ധത്തിൽ പങ്കെടുത്തതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ നാല് ഇസ്രഈലി സൈനികർ ആത്മഹത്യ ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആത്മഹത്യ ചെയ്ത രണ്ട് സൈനികർ ഇസ്രഈലിന്റെ നിർബന്ധിത സൈനിക സേവന നിയമത്തിന് പിന്നാലെ സൈന്യത്തിൽ പ്രവർത്തിച്ച് വരുന്നവരായിരുന്നെന്ന് ഇസ്രഈലി മാധ്യമമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.

മറ്റ് രണ്ട് പേർ ഗസയിൽ ആഴ്ചകളോളം നീണ്ടുനിന്ന പോരാട്ടത്തിന് ശേഷം അടുത്തിടെ പിരിച്ചുവിട്ട സൈനികരായിരുന്നെന്നും ഹാരെറ്റ്സ് റിപ്പോർട്ട് പറയുന്നു. അതേസമയം ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൈംസ് ഓഫ് ഇസ്രഈൽ റിപ്പോർട്ട് ചെയ്തു. ഇതും ആത്മഹത്യാശ്രമമാണെന്നാണ് കരുതുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ഗസയിൽ ഇസ്രഈൽ നടത്തിയ വംശഹത്യയിൽ ഇസ്രഈൽ സൈന്യം ഏകദേശം 58,000ത്തിലധികം ഫലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ട്. അതിൽ കുറഞ്ഞത് 17,000 കുട്ടികളും ഉൾപ്പെടുന്നു. യുദ്ധത്തിന് പിന്നാലെ ഇസ്രഈലി സൈനികർക്കിടയിൽ ആത്മഹത്യകളിൽവലിയ വർധനവ് ഉണ്ടായതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു.

ഹാരെറ്റ്‌സിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, യുദ്ധം ആരംഭിച്ചതിനുശേഷം 43 സൈനികർ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിൽ ഈ വർഷം 14 ആത്മഹത്യകളാണ് ഉണ്ടായിട്ടുള്ളത്. 2024 ൽ മാത്രം 21 സൈനികർ ആത്മഹത്യ ചെയ്തിരുന്നു. 2011 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്.

വർധിച്ചുവരുന്ന സൈനിക ആത്മഹത്യകളുടെ എണ്ണം അസഹനീയമാണെന്ന് ഇസ്രഈൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് വിമർശിച്ചു. ‘ഈ യുദ്ധം ജീവിച്ചിരിക്കുന്നവരുടെ ആത്മാവിനെയും കൊല്ലുന്നു,’ അദ്ദേഹം എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

അതേസമയം നിരവധി സൈനികരുടെ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്തവരുടെ യഥാർത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് മാനസികാരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ സജീവമായി സൈനിക സേവനത്തിലല്ലാത്ത സൈനികർക്കിടയിലെ ആത്മഹത്യകൾ സൈന്യം തങ്ങളുടെ കണക്കുകൾ ഒഴിവാക്കുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ വിമർശിക്കുന്നു.

തീവ്രമായ യുദ്ധ സാഹചര്യങ്ങളിൽ ജീവിക്കുന്നതാവാം മിക്ക ആത്മഹത്യകളുടെയും കാരണമെന്ന് സൈനിക വൃത്തങ്ങൾ ഹാരെറ്റ്സിനോട് പറഞ്ഞു. അതേസമയം ഇസ്രഈൽ വംശഹത്യ ആരംഭിച്ചതിനുശേഷം, കുറഞ്ഞത് 893 സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രഈൽ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കുറഞ്ഞത് 19,000 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.

Content Highlight: War on Gaza: Four Israeli soldiers kill themselves in under two weeks

We use cookies to give you the best possible experience. Learn more