| Monday, 12th May 2025, 4:08 pm

'യുദ്ധം പ്രണയമോ ബോളിവുഡ് സിനിമയോ അല്ല'; യുദ്ധാഹ്വാനങ്ങള്‍ക്കെതിരെ മുന്‍കരസേനാ മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യുദ്ധവെറികള്‍ക്കെതിരെ മുന്‍ കരസേന മേധാവി എം.എം. നരവനെ. യുദ്ധം റൊമാന്‍സോ ഒരു ബോളിവുഡ് സിനിമയോ അല്ലെന്നാണ് എം.എം നരവനെയുടെ പരാമര്‍ശം. പൂനെയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് നരവനെയുടെ പ്രതികരണം.

ഉത്തരവിട്ടാല്‍ യുദ്ധത്തിന് പോകുമെന്നും എന്നാല്‍ ആദ്യം തെരഞ്ഞെടുക്കുന്നത് നയതന്ത്രമായിരിക്കുമെന്നും നരവനെ പറഞ്ഞു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതിനിടെയാണ് വിമര്‍ശനം.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ അവിടെ താമസിക്കുന്നവര്‍ക്ക് ഷെല്ലാക്രമണം കണ്ട് അഭയകേന്ദ്രങ്ങളിലേക്ക് ഓടേണ്ടി വരുന്ന സാഹചര്യമുണ്ടാവുമെന്നും അത്തരത്തില്‍ വലിയ തോതില്‍ ആഘാതം നേരിടേണ്ടി വരുന്ന സാഹചര്യങ്ങളുണ്ടെന്നും നരവനെ പറഞ്ഞു.

യുദ്ധം പ്രണയമോ നിങ്ങളുടെ ബോളിവുഡ് സിനിമയോ അല്ലെന്ന് പറഞ്ഞ നരവനെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് മാനസിക പരിചരണം ലഭിക്കേണ്ടുന്ന അവസ്ഥ വരെ ഉണ്ടാവുമെന്നും ഗൗരവമുള്ള കാര്യമാണതെന്നും എം.എം നരവനെ ചൂണ്ടിക്കാട്ടി.

യുദ്ധമോ അക്രമമോ നമ്മള്‍ അവസാനമായി ആശ്രയിക്കേണ്ട കാര്യമാണെന്നും അതുകൊണ്ടാണ് ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുദ്ധി ശൂന്യരായ ആളുകള്‍ നമ്മുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിക്കുമെങ്കിലും അതില്‍ ആരും ആഹ്ലാദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് പൂര്‍ണമായ യുദ്ധത്തിന് പോയില്ലെന്ന് ചോദിക്കുന്ന ആളുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ദേശീയ സുരക്ഷയില്‍ നാമെല്ലാവരും തുല്യ പങ്കാളികളാണ്. രാജ്യങ്ങള്‍ക്കിടയില്‍ മാത്രമല്ല. നമുക്കിടയിലും കുടുംബങ്ങളിലായാലും സംസ്ഥാനങ്ങള്‍ക്കിടയിലായാലും പ്രദേശങ്ങള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലായാലും വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. അക്രമം ഉത്തരമല്ല,’ എം.എം നരവനെ പറഞ്ഞു.

അതേസമയം ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ടതിന് പിന്നാലെ ദേശീയ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. സൈബര്‍ ആക്രമണത്തെതുടര്‍ന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സ് അക്കൗണ്ട് ലോക്ക് ചെയ്യുകയുണ്ടായി.

ഉഭയസമ്മത പ്രകാരം സൈനിക നടപടി നിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചതാണ് വിക്രം മിസ്രിക്കെതിരായ സൈബര്‍ ആക്രമണത്തിന് ഒരുകൂട്ടം ആളുകളെ പ്രകോപിപ്പിച്ചത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഈ നിലപാടില്‍ പ്രകോപിതരായ ചിലര്‍ വിക്രം മിസ്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുടുംബ ചിത്രങ്ങളുടെ കമന്റ് ബോക്സിലടക്കം വിദ്വേഷ കമന്റുകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് തന്റെ അക്കൗണ്ട് ലോക്ക് ചെയ്യേണ്ടി വന്നത്.

Content Highlight: ‘War is not love or a Bollywood movie’; Army Chief opposes war calls

We use cookies to give you the best possible experience. Learn more