ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക് മുന്നില്‍ പണയം വെക്കുന്ന ദയനീയ അവസ്ഥയിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ കടന്നുപോകുന്നതെന്ന് ആലത്തൂര്‍ എം.പി കെ. രാധാകൃഷ്ണന്‍.
അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി എണ്ണ ഇറക്കുമതിയില്‍ സര്‍ക്കാര്‍ വരുത്തുന്ന മാറ്റങ്ങള്‍ നമ്മുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ അന്തസും പരമാധികാരവും കാത്തുസൂക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുന്നുണ്ടോ? ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതിയാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തത്. അവരോട് പോരാടിയവരാണ് നമ്മുടെ പിന്മുറക്കാർ. എന്നാല്‍ ഇന്ന് അമേരിക്കന്‍ സാമ്രാജ്യത്തോട് വഴങ്ങിക്കൊണ്ടുള്ള നിലപാടുകളാണ് ഓരോ രംഗത്തും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
അമേരിക്കയുടെ തിട്ടൂരത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുന്ന സര്‍ക്കാരായി കേന്ദ്ര സര്‍ക്കാര്‍ മാറുന്നത് ഇന്ത്യന്‍ ജനതയ്ക്ക് ഭൂഷണമല്ലെന്നും കേരളത്തില്‍ നിന്നുള്ള ഇടത് എം.പി മുന്നറിയിപ്പ് നല്‍കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ യു.എസ് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് നല്‍കിയതിനെ മുന്‍നിര്‍ത്തിയായിരുന്നു കെ. രാധാകൃഷ്ണന്റെ പരാമര്‍ശം.
ഇത് ഇന്ത്യയുടെ അന്തസിന്റെയും അഭിമാനത്തിന്റെയും പ്രശ്‌നമാണ്. വിദേശ രാജ്യങ്ങളും സാമ്രാജ്യത്ത രാജ്യങ്ങളുമല്ല ഇന്ത്യയുടെ നിലപാട് തീരുമാനിക്കേണ്ടതെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
ഇന്ന് യുദ്ധം നടക്കുന്നത് നമ്മുടെയെല്ലാം അടുക്കളകളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധം നമ്മുടെ അടുക്കളയിലേക്കും എത്തിയിരിക്കുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
പാചകവാതക വില വര്‍ധനവിനെതിരെ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സ്പീക്കര്‍ ഓം ബിര്‍ളക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചും കെ. രാധാകൃഷ്ണന്‍ സഭയില്‍ സംസാരിച്ചിരുന്നു.
ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഇത്തരം ഒരു നീക്കം സഭയുടെ അന്തസും നിക്ഷ്പക്ഷതയും സംരക്ഷിക്കുന്നതിന് അനിവാര്യമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: War has reached our kitchen; Centre is acting according to America’s dictates: K. Radhakrishnan