| Saturday, 31st October 2026, 9:11 am

യുദ്ധക്കുറ്റങ്ങളെ നിങ്ങള്‍ പിന്തുണച്ചപ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ നിങ്ങളെയും ബാധിക്കുമെന്ന് കരുതിയില്ലേ: യൂറോപ്യന്‍ സര്‍ക്കാരുകളോട് ഇറാന്‍

റെന്വര്‍ പി

ടെഹ്‌റാന്‍: ഇപ്പോള്‍ ഇറാന്‍-യു.എസ് സംഘര്‍ഷങ്ങളെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ മുമ്പ് സ്വീകരിച്ചിരുന്നത് യുദ്ധക്കുറ്റങ്ങളെ പിന്തുണക്കുന്ന നിലപാടായിരുന്നെന്ന് ഇറാന്‍ പരമോന്നത സുരക്ഷാ സമിതി തലവന്‍ അഹമ്മദ് റെസായ്. യുദ്ധത്തിനും ഭീകരതയ്ക്കും വലിയ വില നല്‍കേണ്ടി വരുമെന്നും ഇപ്പോള്‍ ആ വില നല്‍കേണ്ടത് നിങ്ങളാണെന്നും യൂറോപ്യന്‍ സര്‍ക്കാരുകളോട് റെസായ് പറഞ്ഞു.

ഇന്നലെ വരെ സയണിസ്റ്റ് ഭരണകൂടം ചെയ്ത ഹീനമായ പ്രവൃത്തികളില്‍ അഭിമാനം കൊണ്ടിരുന്ന യൂറോപ്പ്, ഇന്ന് ഇറാനുമായുള്ള യുദ്ധം കാരണം തങ്ങള്‍ക്ക് നഷ്ടപ്പെടുന്ന കോടിക്കണക്കിന് തുകയെക്കുറിച്ച് വിലപിക്കുകയാണെന്നും അദ്ദേഹം എക്‌സ് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

‘ഇന്നലെ വരെ സയണിസ്റ്റ് ഭരണകൂടം ചെയ്ത ഹീനമായ പ്രവൃത്തികളില്‍ അഭിമാനം കൊണ്ടിരുന്ന യൂറോപ്പ്, ഇന്ന് ഇറാനുമായുള്ള യുദ്ധം കാരണം തങ്ങള്‍ക്ക് നഷ്ടപ്പെടുന്ന കോടിക്കണക്കിന് തുകയെക്കുറിച്ച് വിലപിക്കുകയാണ്.

യുദ്ധക്കുറ്റങ്ങളെ നിങ്ങള്‍ ആവേശത്തോടെ പിന്തുണച്ചപ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ നിങ്ങളെയും ബാധിക്കുമെന്ന് കരുതിയില്ലേ? യുദ്ധത്തിനും ഭീകരതയ്ക്കും വലിയ വില നല്‍കേണ്ടി വരും. ഇപ്പോള്‍ ആ വില നല്‍കേണ്ടത് നിങ്ങളാണ്,’ റെസായ് കുറിച്ചു.

പശ്ചിമേഷ്യയിലെ വിദേശ ഇടപെടലുകള്‍ തടയണമെന്നും മേഖലയില്‍ യു.എസ് സമാധാനം കൊണ്ടുവന്നിട്ടില്ലെന്നും റെസായ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുരക്ഷ ഉറപ്പ് നല്‍കുന്നതില്‍ യു.എസിനുള്ള കഴിവില്ലായ്മ ഇപ്പോള്‍ പ്രകടമായെന്നും ചൊവ്വാഴ്ച എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞിരുന്നു.

‘മേഖലയിലെ ഒരു രാജ്യത്തിനും അമേരിക്ക സുരക്ഷ കൊണ്ടുവന്നിട്ടില്ല. സുരക്ഷാ ഗ്യാരണ്ടി നല്‍കാന്‍ വാഷിംഗ്ടണിന്റെ കഴിവില്ലായ്മ പ്രകടമായി. പശ്ചിമേഷ്യയിലെ സുരക്ഷ ഈ മേഖലയില്‍ നിന്നുതന്നെ ഉണ്ടാകണം, വിദേശ ഇടപെടലുകള്‍ തടയണം,’ റെസായിയുടെ പോസ്റ്റില്‍ പറയുന്നു.

അതേസമയം, യു.എസ് ഇറാന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഖത്തര്‍ മധ്യസ്ഥര്‍ ടെഹ്‌റാനിലെത്തിയിരുന്നു. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെത്തിയത്.

പ്രതിനിധി സംഘം ചര്‍ച്ചകള്‍ക്കുമായി വെള്ളിയാഴ്ച രാവിലെ ടെഹ്റാനിലെത്തിയതായി ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ഇറാനും യു.എസും തമ്മിലെ നിലച്ചുപോയ ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്കിടയിലാണ് ഖത്തരം സംഘം ടെഹ്റാനിലെത്തുന്നത്.

നിലച്ച ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുന്നതിന്റെ ഭാഗമായി, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇറാനിയന്‍ സുരക്ഷാ മേധാവി മൊഹ്‌സെന്‍ റെസായിക്ക് കത്തെഴുതിയതായി ‘വാള്‍ സ്ട്രീറ്റ് ജേണല്‍’ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നയതന്ത്ര നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്.

Content Highlight: War and terror come at a price; you are now paying the bill-Iran’s top security official to Europe

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more