| Saturday, 28th March 2026, 10:48 am

കരസേനയെ വിന്യസിക്കാതെ തന്നെ ഇറാനെതിരായ യുദ്ധം ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കും: യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി

നിഷാന. വി.വി

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധം മാസങ്ങള്‍ക്കല്ല ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.

കരസേനയെ വിന്യസിക്കാതെ തന്നെ അമേരിക്കയ്ക്ക് അതിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നും റൂബിയോ പറഞ്ഞു.

പാരീസില്‍ നടന്ന ജി7 പ്രതിനിധികളുമായുളള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൈനിക നടപടികള്‍ ആസൂത്രണം ചെയ്തതിനെക്കാള്‍ വേഗത്തില്‍ നടക്കുന്നുണ്ട്. മാസങ്ങളല്ല ആഴ്ചകള്‍ക്കുള്ളില്‍ യുദ്ധം അവസാനിക്കും,’ റൂബിയോ പറഞ്ഞു.

യുദ്ധം ഇറാനെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമ്പോള്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയിലായിരിക്കും ഇറാനെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു.

സമാധാന കരാറിനായി ട്രംപ് മുന്നോട്ട് വെച്ച 15 ഇന നിര്‍ദേശങ്ങള്‍ക്ക് ഇറാനില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് റൂബിയോ സ്ഥിരീകരിച്ചു. എന്നാല്‍ ഇടപെടാന്‍ സന്നദ്ധത അറിയിക്കുന്ന സന്ദേശങ്ങളുടെ കൈമാറ്റം നടന്നിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാനൊരു ടോളിങ് സിസ്റ്റം കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നും അത്തരമൊരു നീക്കത്തെ എതിര്‍ക്കാന്‍ ജി7 സഖ്യ കക്ഷികളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത് നിയമവിരുദ്ധം മാത്രമല്ല അസ്വീകാര്യവുമാണ്. ലോകത്തിന് തന്നെ അപകടകരവുമാണ്. ഇത്തരമൊരു നടപടിയെ നേരിടാന്‍ ലോകത്തിന് ഒരു പദ്ധതിയുണ്ടായിരിക്കേണ്ടത് അനിവാര്യമാണ്,’ റൂബിയോ പറഞ്ഞു.

ഇറാന്റെ ഊര്‍ജ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം പത്ത് ദിവസത്തേയ്ക്ക് നിര്‍ത്തിവെയ്ക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ഇറാന്റെ അഭ്യര്‍ത്ഥന പ്രകാരമാണെന്നായിരുന്നു ട്രംപിന്റെ വാദം.

ഇറാന്‍ അമേരിക്കയുമായി കരാറിന് അതിയായി ആഹ്രഹിക്കുന്നുവെന്നും എന്നാല്‍ അത് തുറന്ന് പറയാന്‍ അവര്‍ ഭയക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.

ഒരു സമാധാന കരാറിന് സമ്മതിച്ചാല്‍ സ്വന്തം ജനതയാലോ അല്ലെങ്കില്‍ അമേരിക്കന്‍ സൈന്യത്തിന്റെ തിരിച്ചടിയാലോ കൊല്ലപ്പെടുമെന്ന് ഇറാന്‍ ഭയപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ അമേരിക്കയുടെ വാദങ്ങളെയെല്ലാം ഇറാന്‍ തള്ളിയിട്ടുണ്ട്.
സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

നിലവില്‍, പ്രതിരോധത്തിന്റെ തുടര്‍ച്ചയാണ് തങ്ങളുടെ നയമെന്നാണ് അരാഗ്ചി സ്റ്റേറ്റ് ടിവിയില്‍ പ്രതികരിച്ചത്. അമേരിക്ക ഇപ്പോള്‍ ചര്‍ച്ചകളെക്കുറിച്ച് സംസാരിക്കുന്നത് പരാജയം സമ്മതിക്കലാണ്. ഇറാന്‍ മുന്നോട്ടു വച്ച 5 നിബന്ധനകള്‍ അംഗീകരിച്ചാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.

Content Highlight: War against Iran could be over within weeks without deploying ground troops: US Secretary of State

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more