| Friday, 10th October 2025, 6:01 pm

പബ്ജി കളിക്കുന്നവര്‍ ആക്ഷന്‍ സിനിമ ചെയ്തതുപോലെ, ഒ.ടി.ടി റിലീസിന് ശേഷം വാര്‍ 2 വീണ്ടും 'എയറില്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡില്‍ നിന്ന് ഈ വര്‍ഷം പ്രേക്ഷകര്‍ക്ക് ഏറ്റവും നിരാശ സമ്മാനിച്ച ചിത്രമാണ് വാര്‍ 2. ബ്രഹ്‌മാസ്ത്രക്ക് ശേഷം അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത വാര്‍ 2 യഷ് രാജ് ഫിലിംസ് സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ്. ഹൃതിക് റോഷനൊപ്പം തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആറും ഒന്നിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീഴുകയായിരുന്നു.

കണ്ടുശീലിച്ച സ്‌പൈ സിനിമകളുടെ അതേ ടെംപ്ലേറ്റും വല്ലാതെ ഓവറായ ലോജിക്കില്ലാത്ത ആക്ഷന്‍ രംഗങ്ങളും ഒ.ടി.ടി റിലീസിന് ശേഷം എയറിലായിരിക്കുകയാണ്. അതില്‍ എല്ലാവരും ഒരുപോലെ ട്രോളുന്നത് ജൂനിയര്‍ എന്‍.ടി.ആറിനെയാണ്. ചിത്രത്തില്‍ താരകിന്റെ ആക്ഷന്‍ രംഗങ്ങളെല്ലാം തിയേറ്റര്‍ റിലീസിന്റെ സമയത്ത് തന്നെ ചര്‍ച്ചയായിരുന്നു.

വില്ലന്മാരെ അവരുടെ സ്ഥലത്ത് ചെന്ന് പിടിക്കാന്‍ വേണ്ടി എന്‍.ടി.ആറിന്റെ ടൈഗര്‍ എന്ന കഥാപാത്രം നടത്തുന്ന കാര്യങ്ങളാണ് ട്രോളിനിരയായത്. ഫ്‌ളൈറ്റിലോ ഹെലികോപ്റ്ററിലോ പോയാല്‍ റഡാറില്‍ കാണാനാകുമെന്നും ആളില്ലാത്ത ഡ്രോണ്‍ മാത്രമേ അങ്ങോട്ട് കടത്താനാകുള്ളൂവെന്നുമറിയുന്ന താരക് ഡ്രോണുപയോഗിച്ച് വില്ലന്മാരുടെ സങ്കേതത്തിലെത്താന്‍ തീരുമാനിക്കുകയാണ്.

അധികം ഭാരം വരാതിരിക്കാന്‍ യൂണിഫോം ഷര്‍ട്ടും ആയുധങ്ങളുമെല്ലാം ടൈഗര്‍ ഉപേക്ഷിക്കുന്നു. പാന്റ് മാത്രം ധരിച്ച് ഡ്രോണില്‍ തൂങ്ങിപ്പിടിച്ച് പോകുന്ന ടൈഗര്‍ വില്ലന്മാരുടെ താവളത്തില്‍ കൃത്യമായി ലാന്‍ഡ് ചെയ്യുന്ന രംഗമെല്ലാം കീറിമുറിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘പബ്ജി കണ്ട് ആക്ഷന്‍ സിനിമ എടുക്കാന്‍ നിന്നാല്‍ ഇതൊക്കെ കാണേണ്ടിവരും’ എന്നാണ് വീഡിയോക്ക് താഴെ വന്ന രസകരമായ കമന്റ്.

‘ആകാശത്ത് കൂടെ പറക്കുമ്പോള്‍ ഗംഭീരമായി കാറ്റടിച്ചിട്ടും കണ്ണടക്കാതെ പിടിച്ചുനിന്ന എന്‍.ടി.ആറിനെ സമ്മതിക്കണം’, ‘ദേവരയില്‍ തിരമാലയുടെ ഇടയിലൂടെ വന്നിട്ടും നനയാത്ത ആള്‍ കാറ്റടിച്ച് കണ്ണടക്കാത്തത് വലിയ കുറ്റമല്ല’ എന്നാണ് മറ്റ് കമന്റുകള്‍. ഫ്‌ളൈറ്റിനകത്ത് വെച്ച് എന്‍.ടി.ആര്‍ നടത്തിയ ആക്ഷന്‍ സീനും ഇതിനോടകം ‘എയറിലായി’ക്കഴിഞ്ഞു.

ഫ്‌ളൈറ്റിനകത്ത് അരങ്ങേറിയ ആക്ഷന്‍ സീനിന് ശേഷം വില്ലന്‍ കഥാപാത്രത്തെ എന്‍.ടി.ആര്‍ വാതില്‍ തുറന്ന് താഴേക്ക് തള്ളിയിടുന്ന രംഗമുണ്ട്. തള്ളിയിട്ടതിന് ശേഷം വാതിലിന്റെ സൈഡില്‍ നില്‍ക്കുന്ന ടൈഗറിന്റെ സീനും ചിരിക്കുള്ള വകയൊരുക്കിയിട്ടുണ്ട്. ‘അത് കെ.എസ്.ആര്‍.ടി.സി ബസ്സല്ല, ആകാശത്ത് കൂടെ പറക്കുന്ന പ്രൈവറ്റ് ജെറ്റാണെന്ന് ആരേലും പറഞ്ഞ് മനസിലാക്കിക്കൊടുക്ക്’ എന്നാണ് കമന്റ്.

330 കോടിയിലൊരുങ്ങിയ ചിത്രം ആഗോള കളക്ഷനില്‍ 371 കോടി മാത്രമാണ് സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫ്‌ളോപ്പായി ചിത്രം മാറിക്കഴിഞ്ഞു. അനില്‍ കപൂര്‍, കിയാര അദ്വാനി, അശുതോഷ് റാണ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സ്‌പൈ യൂണിവേഴ്‌സിലെ അടുത്ത ചിത്രം ആലിയ ഭട്ട് പ്രധാനവേഷത്തിലെത്തുന്ന ആല്‍ഫയാണ്.

Content Highlight: War 2 NTR scene got trolls after OTT release

Latest Stories

We use cookies to give you the best possible experience. Learn more