| Wednesday, 27th August 2025, 4:13 pm

10 വര്‍ഷം ഒരൊറ്റ ഫ്‌ളോപ്പ് പോലുമില്ലാത്ത നടന്‍, ബോളിവുഡില്‍ പോയി, കഥ തീര്‍ന്നു, കരിയറിലെ ഏറ്റവും വലിയ പരാജയവുമായി ജൂനിയര്‍ എന്‍.ടി.ആര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ താരപുത്രന്മാരില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് ജൂനിയര്‍ എന്‍.ടി.ആര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ താരം രാജമൗലി സംവിധാനം ചെയ്ത സ്റ്റുഡന്റ് നമ്പര്‍ വണ്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചുരുങ്ങിയ കാലം കൊണ്ട് തെലുങ്കിലെ മുന്‍നിരയിലേക്കെത്തിയ ജൂനിയര്‍ എന്‍.ടി.ആറിന് വലിയ ഫാന്‍ബേസ് സ്വന്തമാക്കാന്‍ സാധിച്ചു. ആരാധകര്‍ സ്‌നേഹത്തോടെ താരക് എന്ന് വിളിക്കുന്ന താരം നല്ല ഡാന്‍സര്‍ കൂടിയാണ്.

കരിയറിന്റെ ആദ്യഘട്ടത്തില്‍ ഒരുപാട് പരാജയം നേരിട്ട താരക് രണ്ടാം വരവില്‍ ഇന്‍ഡസ്ട്രിയെ ഒന്നാകെ ഞെട്ടിച്ചു. തുടര്‍ച്ചയായി ഹിറ്റുകള്‍ മാത്രം സമ്മാനിച്ച എന്‍.ടി.ആര്‍ തെലുങ്കിലെ ഏറ്റവും വലിയ താരമായി മാറി. രാജമൗലിയുമായി മൂന്നാമത് കൈകോര്‍ത്ത ആര്‍.ആര്‍.ആറിലൂടെ പാന്‍ ഇന്ത്യന്‍ തലത്തിലും താരക് ശ്രദ്ധേയനായി.

ആര്‍.ആര്‍.ആറിന് ശേഷം പാന്‍ ഇന്ത്യന്‍ സിനിമകള്‍ക്കാണ് ജൂനിയര്‍ എന്‍.ടി.ആര്‍ പ്രാധാന്യം നല്‍കുന്നത്. അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത വാര്‍ 2വിലൂടെ ബോളിവുഡിലേക്കും താരക് എന്‍ട്രി നടത്തി. എന്നാല്‍ ആദ്യ ബോളിവുഡ് ചിത്രം താരത്തിന് അത്ര സുഖമുള്ള അനുഭവമല്ല എന്നാണ് വാര്‍ 2വിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

400 കോടി ബജറ്റിലൊരുങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം ഇതുവരെ 430 കോടിയാണ് സ്വന്തമാക്കിയത്. മുടക്കിയ പൈസക്ക് നിര്‍മാതാവ് സേഫ് ആകാന്‍ 600 കോടി വേണമെന്നിരിക്കെ ബ്രേക്ക് ഇവന്‍ പോലുമാകാതെ വാര്‍ 2 കളം വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 170 കോടിയുടെ നഷ്ടമാണ് ചിത്രം നേടിയത്. ഇതോടെ ജൂനിയര്‍ എന്‍.ടി.ആറിന്റെ പത്തു വര്‍ഷത്തെ ഹിറ്റ് സ്ട്രീക്കിന് അന്ത്യമായിരിക്കുകയാണ്.

യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലെ ആറാമത്തെ ചിത്രമാണ് വാര്‍ 2. ഹൃതിക് റോഷനെ നായകനാക്കി സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ വാറിന്റെ തുടര്‍ച്ചയാണ് ചിത്രത്തിന്റെ കഥ. ബ്രഹ്‌മാസ്ത്ര, യേ ജവാനി ഹേ ദീവാനി എന്നീ ഹിറ്റുകളൊരുക്കിയ അയന്‍ മുഖര്‍ജിക്ക് വാര്‍ 2വില്‍ പിഴച്ചു.

ലോജിക്ക് തൊട്ടുതീണ്ടിയിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളും മുമ്പ് വന്ന സ്‌പൈ സിനിമകളുടെ അതേ പാറ്റേണുമാണ് വാര്‍ 2വിന് തിരിച്ചടിയായത്. ഫ്‌ളൈറ്റില്‍ തൂങ്ങിപ്പിടിച്ച് പോകുന്ന എന്‍.ടി.ആറിന്റെ സീനും വി.എഫ്.എക്‌സില്‍ ചേര്‍ത്ത സിക്‌സ് പാക്കും ട്രോളന്മാര്‍ യാതൊരു ദയയുമില്ലാതെ വലിച്ചുകീറിയത് വാര്‍ത്തയായിരുന്നു.

Content Highlight: War 2 movie put an end for Junior NTR’s 10 years of hit streak

We use cookies to give you the best possible experience. Learn more