തൃശൂര്‍: ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെ നേതൃത്വത്തില്‍ വഖഫ് സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ പ്രതികരണവുമായി നാഷണല്‍ ലീഗ് ജില്ലാ നേതൃത്വം. കൊടുങ്ങല്ലൂര്‍ വെളുത്തകടവ് ദാറുസ്സലാം മസ്ജിദിന്റെയും മദ്രസയുടെയും സ്വത്ത് വകകളും പണവും തട്ടിയെടുത്തത് കൊടും വഞ്ചനയാണെന്നും, കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സമരസമിതി നടത്തിവരുന്ന പോരാട്ടം തികച്ചും ന്യായമാണ്, വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം, ഇതിനായി വഖഫ് ബോര്‍ഡിലും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും നാഷണല്‍ ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു.
തട്ടിയെടുത്ത സ്വത്തുക്കളും പണവും പൂര്‍ണമായി പള്ളിക്കമ്മിറ്റിക്ക് തിരികെ നല്‍കണം, വഖഫ് ഭൂമിയിലെ പള്ളിയും മദ്രസയും ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റിയത് ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെ ഗൂഢാലോചനയില്‍ പങ്കാളികളായ മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സമരസമിതി നേതാക്കളുമായി നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷബീല്‍ ഐദറൂസി തങ്ങള്‍, ജനറല്‍ സെക്രട്ടറി ഷാജി പള്ളം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയിംസ് കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ വെളുത്തകടവിലെ ദാറുസ്സലാം പള്ളിയും മദ്രസയും പള്ളിക്ക് ലഭിച്ച വഖഫ് ഭൂമിയും ജമാഅത്തെ ഇസ്‌ലാമി നേതാക്കളുടെ നേതൃത്വത്തിലുണ്ടാക്കിയ ട്രസ്റ്റ് തട്ടിയെടുത്തതായാണ് പരാതി. വഖഫ് ഭൂമിക്ക് പുറമെ ദേശീയ പാത വികസനത്തിന് ഭൂമി വിട്ടു നല്‍കിയപ്പോള്‍ സര്‍ക്കാറില്‍ നിന്ന് പള്ളി കമ്മിറ്റിക്ക് ലഭിച്ച രണ്ട് കോടി 76 ലക്ഷം രൂപയും ഈ ട്രസ്റ്റ് തട്ടിയെടുത്തതായാണ് പരാതി.
ജമാഅത്തെ ഇസ്‌ലാമി തൃശൂര്‍ മുന്‍ ജില്ല പ്രസിഡന്റ് കെ.കെ. ഷാനവാസിന്റെ നേതൃത്വത്തിലുള്ള ദാറുസ്സലാം ചാരിറ്റബിള്‍ ആന്റ് റിലീജിയസ് ട്രസ്റ്റിനെതിരെയാണ് പ്രദേശത്തെ വിശ്വാസി കൂട്ടായ്മ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. വെല്‍ഫയര്‍പാര്‍ട്ടി നേതാക്കളായ അബ്ദുല്‍ റഷീദ്, ബാവ ലത്തീഫ് തുടങ്ങിയവരും ഈ ട്രസ്റ്റിലുണ്ട്.
ഭൂമിയും പള്ളി കമ്മിറ്റിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണവും മുന്‍ പള്ളികമ്മിറ്റി പ്രസിഡന്റായിരുന്ന മുഹമ്മദ് മഖാറിനെ തെറ്റിദ്ധരിപ്പിച്ച് രേഖകള്‍ ഒപ്പിട്ടുവാങ്ങിയതിന് ശേഷമാണ് ട്രസ്റ്റിന്റെ അക്കൗണ്ടിലേക്കും പേരിലേക്കും മാറ്റിയത്. ഒരു വര്‍ഷം മുമ്പ് മാത്രമാണ് ജമാഅത്തെ ഇസ്ലാമിക്ക് കീഴില്‍ ഈ ട്രസ്റ്റ് ആരംഭിച്ചത്.
1976ല്‍ പ്രദേശത്തെ വിശ്വാസികളുടെ മുന്‍കൈയിലാണ് വെളുത്ത കടവില്‍ ദാറുസ്സലാം പള്ളി സ്ഥാപിച്ചത്. 1974, 76, 95ലും പ്രദേശത്തെ മുന്ന് പേര്‍ പള്ളിക്ക് വഖഫായി ഭൂമി നല്‍കി. ഈ ഭൂമിയിലാണ് പള്ളിയും മദ്രസയും നിലകൊള്ളുന്നത്.
അതേസമയം ആരോപണ വിധേയനായ ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് കെ.കെ. ഷാനവാസിനെ കഴിഞ്ഞ ദിവസം ജില്ല സമിതി അംഗമായി തരംതാഴ്ത്തിയിരുന്നു.
content highlights: Waqf fraud in Kodungallur by Jamaat-e-Islami leaders; National League demanding strict action