| Thursday, 9th April 2026, 11:02 pm

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്!

ശ്രീരാഗ് പാറക്കല്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ബൗളിങ് ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരംഗ ഐ.പി.എല്ലില്‍ നിന്ന് പുറത്തായി. പരിക്ക് മൂലം ടീമിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ലഖ്നൗ ശ്രീലങ്കന്‍ സൂപ്പര്‍ സ്പിന്നറെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല വൈകാതെ താരത്തിന് പകരക്കാരനെ പ്രഖ്യാപിക്കുമെന്നും ഫ്രാഞ്ചൈസി സ്ഥിരീകരിച്ചു. പരിക്ക് ഭേതമായി താരം തിരിച്ചുവരുമെന്ന് ലഖ്‌നൗ പ്രതീക്ഷിച്ചിരുന്നെങ്കിലും പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ടീമിന്റെ തീരുമാനും.

പകരക്കാരനെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എല്‍.എസ്.ജി ക്രിക്കറ്റ് ഡയറക്ടര്‍ ടോം മൂഡി പറഞ്ഞു.

2026ലെ ടി-20 ലോകകപ്പിനിടെ പരിക്കേറ്റ ഹസരംഗ പൂര്‍ണമായി സുഖം പ്രാപിച്ചിട്ടില്ല. നിലവില്‍ താരം പുനരധിവാസത്തിലാണ്.

ഐ.പി.എല്‍ സീസണില്‍ ലഖ്‌നൗവിന്റെ സ്പിന്‍ ആക്രമണത്തില്‍ ഹസരംഗ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. രണ്ട് കോടി രൂപയ്ക്കാണ് ലഖ്‌നൗ താരത്തെ ടീമിലെത്തിച്ചത്. നിലവില്‍ ഐ.പി.എല്ലില്‍ 37 മത്സരങ്ങളില്‍ നിന്ന് 46 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 5/18 എന്ന മികച്ച ബാറ്റിങ് പ്രകടനവും താരത്തിനുണ്ട്. 8.41 എന്ന എക്കോണമിയും താരത്തിനുണ്ട്.

അതേസമയം ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗവും തമ്മിലുള്ള മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്.

നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 14 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് നേടിയത്. മിച്ചല്‍ മാര്‍ഷ് (15), ഏയ്ഡന്‍ മാര്‍ക്രം (22), റിഷബ് പന്ത് (10), ആയുഷ് ബധോണി (54), നിക്കോളാസ് പൂരന്‍ (13) എന്നിവരെയാണ് ടീമിന് നഷ്ടമായത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് 22കാരനായ അംഗൃഷ് രഘുവംശി കാഴ്ചവെച്ചത്. ഫിന്‍ അലനെ ഒമ്പത് റണ്‍സിന് നഷ്ടമായതിന് ശേഷം ക്രീസിലെത്തിയ രഘുവംശി 33 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് മടങ്ങിയത്. ഓപ്പണറും ക്യാപ്റ്റനുമായ അജിന്‍ക്യ രഹാനെ 24 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 41 റണ്‍സും നേടി.

Content Highlight: Wanindu Hasaranga Ruled Out From IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more