ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സ്ഥാപകര്‍ക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് പറഞ്ഞു. ദല്‍ഹിയില്‍ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിനിടെയാണ് താന്‍ ഈ കാര്യം വിലയിരുത്തിയത്. രാഷ്ട്രീയ അഭിലാഷങ്ങള്‍ ഉണ്ടാകുന്നത് തെറ്റല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ യുവ നേതാക്കള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുകയോ സ്വന്തമായി പാര്‍ട്ടികള്‍ രൂപീകരിക്കുകയോ ചെയ്യുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും വാങ്ചുക്ക് പറഞ്ഞു. ഇന്‍ഫ്‌ളൂവന്‍സര്‍ പ്രഖര്‍ ഗുപ്തയ്‌ക്കൊപ്പം ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.ജെ.പി സ്ഥാപകര്‍ വിശുദ്ധരല്ലെന്നും അവര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അഭിലാഷമുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വാങ്ചുക്ക് പറഞ്ഞു. അത് ഒരു മോശം കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘അവര്‍ക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ അവരെ വളരെ സൂക്ഷ്മമായി വിലയിരുത്തിയിട്ടുണ്ട്. അവര്‍ക്ക് തീര്‍ച്ചയായും രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷേ അതില്‍ തെറ്റൊന്നുമില്ലായിരിക്കാം.
അവര്‍ക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്ന് അവര്‍ എന്നോട് പറഞ്ഞിട്ടില്ല. പക്ഷേ ഇതാണ് അവരെക്കുറിച്ചുള്ള എന്റെ വിലയിരുത്തല്‍. ഇതില്‍ നിന്ന് ഒന്നും ആഗ്രഹിക്കാത്ത വിശുദ്ധന്മാരല്ല അവര്‍. അവര്‍ക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, അതില്‍ തെറ്റൊന്നുമില്ല,’ വാങ്ചുക്ക് പറഞ്ഞു.
സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുള്ളയാളാണെന്ന് താന്‍ വിദ്യാര്‍ത്ഥി സമരത്തില്‍ ചേര്‍ന്നപ്പോള്‍ നിരവധി വിമര്‍ശകര്‍ തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ മുമ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതില്‍ തെറ്റൊന്നുമില്ലെന്നതിനാല്‍ അത് തന്നെ അലട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവിയില്‍ നിങ്ങള്‍ക്ക് രാഷ്ട്രീയ അഭിലാഷങ്ങള്‍ ഉണ്ടാവാമെന്ന് ജന്തര്‍ മന്തര്‍ പ്രതിഷേധ കാലത്ത് താന്‍ സി.ജെ.പി നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും വാങ്ചുക്ക് പറഞ്ഞു. എന്നാല്‍ ആ സമയത്ത് ഒരു പാര്‍ട്ടിയുടെയും രാഷ്ട്രീയ അജണ്ടയ്ക്കായി സമര വേദി ഉപയോഗിക്കുന്നില്ലെന്ന് അവര്‍ ഉറപ്പാക്കണമെന്നും താന്‍ പറഞ്ഞിരുന്നു. അവര്‍ അതില്‍ ഉറച്ചുനിന്നെന്നും അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Wangchuk says CJP founders have political ambitions, insists there’s nothing wrong with it