ന്യൂദല്‍ഹി: ദല്‍ഹി ജന്തര്‍ മന്തറില്‍ അനിശ്ചിത കാലത്തേക്ക് നിരാഹര സമരമിരിക്കുന്ന സോനം വാങ്ചുക്കിന്റെ ജീവന്‍ രാജ്യത്തിന് വിലപ്പെട്ടതെന്ന് ദല്‍ഹി ഹൈക്കോടതി. വാങ്ചുക്കിന്റെ ആരോഗ്യം ദിവസവും നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിര്‍ദേശം. ഓരോ വ്യക്തിയുടേയും ജീവന്‍ വിലപ്പെട്ടതാണെന്നും വാങ്ചുക്കിനെ പതിവ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രത്തിനും ദല്‍ഹി സര്‍ക്കാരിനും വേണ്ടി ഹാജരായ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
സോളിസ്റ്റര്‍ ജനറലിന്റെ നിലപാടിനെ തങ്ങള്‍ അഭിനന്ദിക്കുന്നുവെന്നായിരുന്നു കോടതിയുടെ മറുപടി. വാങ്ചുക്കിന്റെ ആരോഗ്യത്തില്‍ ആശങ്കയുന്നയിച്ച പൊതുതാത്പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. അഡ്വക്കറ്റ് രാകേഷ് കുമാര്‍ സൈനിയാണ് പൊതുതാത്പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
ജൂണ്‍ 28 മുതല്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ പങ്കുചേര്‍ന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വന്‍തോതില്‍ വഷളായതായി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
സമാധാനപരമായി സമരം ചെയ്യുന്ന ഒരു പൗരന്റെ ജീവന്‍ അപകടത്തിലാകുമ്പോള്‍ സര്‍ക്കാരിന് കാഴ്ചക്കാരായി നില്‍ക്കാനാകില്ലെന്നും, ജീവന്‍ രക്ഷിക്കാന്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ചാണ് വാങ്ചുക്ക് നിരാഹരം സമരം ആരംഭിച്ചത്. അദ്ദേഹത്തെ പിന്തുണച്ച് അരുന്ധതി റോയ്, ശശി തരൂര്‍, ഉദ്ധവ് താക്കറെ തുടങ്ങി നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. നിരാഹര സമരം തുടങ്ങി 19 ദിവസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന് എട്ട് കിലോഗ്രാമില്‍ കൂടുതല്‍ ശരീരഭാരം കുറഞ്ഞിട്ടുണ്ട്.
Content Highlight: Wangchuk’s life is precious to the nation; Delhi High Court directs Centre to monitor his health daily.