ന്യൂദല്‍ഹി: ലഡാക് സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലിലായ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ അറസ്റ്റ് വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്ന് പങ്കാളി ഗീതാഞ്ജലി ജെ. ആങ്മോ.
അപ്രസക്തമായ വാദങ്ങളെ അടിസ്ഥാനമാക്കിയാണ് വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതെന്ന് ഗീതാഞ്ജലി സുപ്രീം കോടതിയില്‍ പറഞ്ഞു. വാങ്ചുക്കിനെതിരെ തെളിവായി പരിഗണിക്കുന്ന നാല് വീഡിയോകള്‍ ഇതുവരെ തങ്ങള്‍ കണ്ടിട്ടില്ലെന്നും ഗീതാഞ്ജലി പറഞ്ഞു.
ഈ വീഡിയോകള്‍ കൈമാറാത്തത് വാങ്ചുക്കിന്റെ അവകാശങ്ങളുടെ ലംഘനമാണെന്നും ഗീതാഞ്ജലി വാദിച്ചു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലാണ് ഗീതാഞ്ജലിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
ലഡാക്ക് എസ്.എസ്.പി നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വാങ്ചുക്കിനെ ജയിലിലടക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടതെന്നും ഗീതാഞ്ജലി പറഞ്ഞു.
2025 സെപ്റ്റംബറില്‍ ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ലേയിലെ യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം പിന്നീട് സംഘര്‍ഷമായി മാറിയിരുന്നു.
ഇതിന് പിന്നാലെയാണ് സോനം വാങ്ചുക്ക് അറസ്റ്റിലായത്. സംഘര്‍ഷം ഉടലെടുക്കുന്നതിന് മുന്നോടിയായി ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേയില്‍ നടന്ന നിരാഹാര സമരത്തിന് നേതൃത്വം നല്‍കിയത് വാങ്ചുക്കായിരുന്നു.
ഇതിനിടെ വാങ്ചുക്ക് നടത്തിയ പ്രസംഗം സംഘര്‍ഷത്തിന് കാരണമായെന്നാണ് പൊലീസ് വാദം. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 26ന് ദേശീയ സുരക്ഷാനിയമം അനുസരിച്ചായിരുന്നു നടപടി.
വാങ്ചുക്കിന്റെ എന്‍.ജി.ഒയ്ക്ക് എതിരെ സി.ബി.ഐ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അതേസമയം സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബി.ജെ.പിയുടെ പ്രാദേശിക ഓഫീസും സി.ആര്‍.പി.എഫിന്റെ വാഹനവും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു.
സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ബി.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് കേന്ദ്രം നിയമിച്ചത്.
Content Highlight: Wangchuk’s arrest and imprisonment not based on facts; partner moves Supreme Court