ബീജിങ്: ചൈനയും യൂറോപ്പും തമ്മില്‍ സഹകരണമാണ് ഉണ്ടാകേണ്ടതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. നിലവിലെ അന്താരാഷ്ട്ര സാഹചര്യം കെട്ടുപിണഞ്ഞ് കിടക്കുന്നതാണെന്നും അതുകൊണ്ട് തന്നെ ചൈനയും യൂറോപ്പും എതിരാളികളാകരുതെന്നും വാങ് യി പറഞ്ഞു.
നാറ്റോ രാജ്യങ്ങൾ ചൈനയ്ക്ക് 50 മുതല്‍ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയതോടെയാണ് വാങ് യിയുടെ പ്രതികരണം. ലുബ്ലിയാനയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോട്ട്‌സ്‌പോട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും വാങ് യി പറഞ്ഞു. യുദ്ധങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ല, ഉപരോധങ്ങളെ സങ്കീര്‍ണമാക്കുകയാണ് ചെയ്യുകയെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.
ചൈന യുദ്ധങ്ങളില്‍ പങ്കെടുക്കുന്നില്ല. യുദ്ധങ്ങള്‍ ആസൂത്രണം ചെയ്യുന്നുമില്ല. തങ്ങള്‍ സമാധാന ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യം അനുസരിച്ച് യൂറോപ്പും ചൈനയും സുഹൃത്തുക്കളായിരിക്കണമെന്നും വാങ് യി പ്രതികരിച്ചു.
ബഹുരാഷ്ട്രവാദം പ്രോത്സാഹിപ്പിക്കുന്നതിനും ബഹുരാഷ്ട്ര സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും യു.എന്‍ ചാര്‍ട്ടറിലെ വ്യവസ്ഥകള്‍ സംരക്ഷിക്കപ്പെടണമെന്നും വാങ് യി പറഞ്ഞു.
അതേസമയം നാറ്റോ രാജ്യങ്ങളോട് ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്നും റഷ്യക്കെതിരെ വലിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് ട്രംപ് ആവശ്യപ്പെട്ടത്.
ചൈനയ്ക്കുമേല്‍ എല്ലാ രാജ്യങ്ങളും കൂട്ടായി 50 മുതല്‍ 100% വരെ തീരുവ ചുമത്തണം. ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ വലയുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ട്രംപ് പ്രതികരിച്ചിരുന്നു.
ട്രൂത്ത് സോഷ്യലിലൂടെയാണ് ചൈനക്കെതിരെ ട്രംപ് രംഗത്തെത്തിയത്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മറ്റ് ജി 7 സഖ്യകക്ഷികള്‍ക്കുമേലും യു.എസ് സര്‍ക്കാര്‍ നേരത്തെ സമ്മര്‍ദം ചെലുത്തിയിരുന്നു.
Content Highlight: Wang Yi says China and Europe should cooperate