ഗോദ എന്ന ബേസില്‍ ജോസഫ് ചിത്രത്തിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് വാമിക ഗബ്ബി. ജബ് വി മെറ്റ് എന്ന ഹിന്ദി ചിത്രത്തിലെ ചെറിയൊരു വേഷത്തിലൂടെ ബാലതാരമായാണ് വാമിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ന് ബോളിവുഡിലും സൗത്ത് ഇന്ത്യയിലും ഒരുപോലെ തിരക്കുള്ള താരമാണ് വാമിക ഗബ്ബി.
ഇപ്പോള്‍ ഫിലിം ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് വെല്ലുവിളി നേരിട്ട വേഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വാമിക.
‘ഞാന്‍ ചെയ്തതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞത് ഭൂല്‍ ചുക് മാഫ് എന്ന സിനിമയായിരുന്നു. കാരണം ഞാന്‍ ആദ്യമായി കോമഡി പരീക്ഷിച്ചു. എനിക്ക് പേടി തോന്നിയിരുന്നു. പക്ഷേ ഇനിയൊരു കോമഡി സിനിമ ചെയ്താല്‍, അതില്‍ നിന്ന് വ്യത്യസ്തമായി ചെയ്യാന്‍ എനിക്ക് കഴിയും. എന്നിരുന്നാലും പ്രയാസമായിരിക്കും. എന്റെ മുമ്പുള്ള വര്‍ക്കുകളില്‍ ഖുഫിയ എന്ന സിനിമ വെല്ലുവിളി നിറഞ്ഞതായിരുന്നു. അതില്‍ ഞാന്‍ ഒരു അമ്മയായി അഭിനയിച്ചു. ഞാനപ്പോള്‍ ചെറുപ്പമായിരുന്നു.
ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞിനോട് എന്ത് തോന്നുമെന്നും ആ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണമെന്നും തനിക്കറിയില്ലായിരുന്നുവെന്നും നടി പറയുന്നു. തന്റെ അമ്മയോടും അമ്മായിയോടും മുത്തശ്ശിയോടും താന്‍ സംസാരിക്കുമായിരുന്നുവെന്നും, അവര്‍ക്ക് എങ്ങനെ തോന്നുമെന്ന് അറിയാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും വാമിക പറയുന്നു.
‘എന്റെ അച്ഛനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നതുപോലെ സിനിമയില്‍ എന്റെ മകനെക്കുറിച്ച് ചിന്തിക്കാനുള്ള ആശയം വിശാല്‍ (ഭരദ്വാജ്) സാര്‍ പറഞ്ഞു തന്നത് ഓര്‍മയുണ്ട്. എന്റെ അച്ഛനെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചതെന്നും അദ്ദേഹത്തിന് ഒന്നും സംഭവിക്കരുതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ ഉപദേശം എല്ലാം മാറ്റിമറിച്ചു. അങ്ങനെ സിനിമയില്‍ എന്റെ കുട്ടിയുടെ നഷ്ടത്തെ, എന്റെ മാതാപിതാക്കളുടെ നഷ്ടവുമായി ഞാന്‍ ബന്ധപ്പെടുത്തി. അത് ചെയ്യാന്‍ വളരെ പ്രയാസമായിരുന്നു,’ വാമിക കൂട്ടിച്ചേര്‍ത്തു.
Content Highlight: Wamiqa Gabbi talks about the challenging roles in her career