| Wednesday, 12th August 2026, 12:20 pm

സെക്‌സ് വര്‍ക്കറായ നായികയുടെ മേനിയഴക് ഒരിടത്തും കാണിക്കുന്നില്ല, പെദ്ദിയുടെ സംവിധായകന്‍ ഡി.സി കണ്ട് പഠിക്കണമെന്ന് വിമര്‍ശനം

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്നാണ് പലരും ഡി.സിയെ വിശേഷിപ്പിക്കുന്നത്. ലോകേഷ് കനകരാജ് ആദ്യമായി നായകവേഷം കൈകാര്യം ചെയ്യുന്ന ചിത്രം തിയേറ്ററുകളെ ജനസാഗരമാക്കിയാണ് മുന്നേറുന്നത്. ക്യാപ്റ്റന്‍ മില്ലറിന് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ഡി.സി ഇതിനോടകം 50 കോടിയിലേറെ നേടിക്കഴിഞ്ഞു.

ചിത്രത്തില്‍ എല്ലാവരും എടുത്തുപറയുന്ന പ്രകടനങ്ങളിലൊന്നാണ് വാമിക ഗബ്ബിയുടേത്. ചന്ദ്ര എന്ന കഥാപാത്രമായി കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് വാമിക കാഴ്ചവെക്കുന്നത്. ജീവിതം നഷ്ടപ്പെട്ട പാവം പെണ്‍കുട്ടിയില്‍ നിന്ന് പകയെരിയുന്ന ചന്ദ്രയിലേക്കുള്ള ട്രാന്‍സ്‌ഫോര്‍മേഷന്‍ കൈയടി നേടുകയായിരുന്നു.

ആറാം വയസില്‍ അച്ഛനും അമ്മയും ലൈംഗികത്തൊഴിലാളികള്‍ക്ക് വിറ്റതിനെത്തുടര്‍ന്ന് 18 വര്‍ഷത്തോളം പുറംലോകം കാണാതെ ജീവിക്കേണ്ടി വന്ന കഥാപാത്രമായിട്ടാണ് ചന്ദ്രയെ സംവിധായകന്‍ അവതരിപ്പിച്ചത്. ഇങ്ങനെയുള്ള ഒരു കഥാപാത്രത്തെ സംവിധായകന്‍ അവതരിപ്പിച്ച രീതിയെ സോഷ്യല്‍ മീഡിയ പ്രശംസിക്കുകയാണ്.

സെക്‌സ് വര്‍ക്കറായ നായികയുടെ മേനിയഴക് കാണിക്കുന്ന ഒരൊറ്റ ഷോട്ട് പോലും സംവിധായകന്‍ ഡി.സിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് സിനിമാപ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്ലാമറസായി അവതരിപ്പിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടായിട്ടും അരുണ്‍ മാതേശ്വരന്‍ അതിന് മുതിരാത്തതില്‍ പ്രത്യേക കൈയടി അര്‍ഹിക്കുന്നുണ്ടെന്നും പോസ്റ്റുകളുണ്ട്.

തെലുങ്ക് സംവിധായകന്‍ ബുച്ചി ബാബു സനയെ ഇത്തരം പോസ്റ്റുകളില്‍ ചിലര്‍ മെന്‍ഷന്‍ ചെയ്യുന്നുണ്ട്. അടുത്തിടെ വലിയ ചര്‍ച്ചയായ പെദ്ദിയില്‍ സംവിധായകന്‍ തന്റെ നായികയെ അവതരിപ്പിച്ച രീതി ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എപ്പോഴും എക്‌സ്‌പോസ് ചെയ്ത് നടക്കുന്ന ഒരാളായിട്ടാണ് ബുച്ചി ബാബു തന്റെ നായികയായ ആച്ചിയമ്മയെ അവതരിപ്പിച്ചത്.

ഡി.സി എന്ന സിനിമ ബുച്ചി ബാബുവിന്റെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ ‘A’ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമ ‘R’ റേറ്റഡായി മാറുമെന്നും ദേവദാസ്, ചന്ദ്ര, പാര്‍വതി എന്നീ കഥാപാത്രങ്ങള്‍ ചേര്‍ന്നുള്ള ഐറ്റം ഡാന്‍സ് വെച്ചേനെയെന്നും കമന്റുകളുണ്ട്. ബുച്ചി ബാബുവിന്റൈ മാത്രമല്ല, അദ്ദേഹത്തിന്റെ ഗുരു സുകുമാറിന്റെ രീതിയും ഇങ്ങനെയാണെന്ന് ചിലര്‍ പരിഹസിക്കുന്നു.

കാലങ്ങളായി സിനിമാലോകത്ത് നിലനില്‍ക്കുന്ന ഒരു അബദ്ധ ചിന്തയെയും ഡി.സി വലിച്ചുകീറുന്നുണ്ടെന്ന് ചില പോസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ചാരിത്ര്യം നഷ്ടപ്പെട്ട നായികയെ നായകന്‍ സ്വന്തമാക്കിയാല്‍ അയാള്‍ അപകടത്തില്‍ പെടുമെന്ന ചിന്തയെയാണ് ഡി.സി ചവറ്റുകുട്ടയിലിട്ടത്. ‘ഇവള്‍ നിന്റെ കൂടെയുള്ളിടത്തോളം കാലം നിനക്ക് ഒന്നും സംഭവിക്കില്ല’ എന്ന് നായകന്റെ കൂട്ടുകാരന്‍ ക്ലൈമാക്‌സില്‍ പറയുന്ന ഒരൊറ്റ ഡയലോഗില്‍ അരുണ്‍ മാതേശ്വരന്‍ തന്റെ രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ട്.

Content Highlight: Wamiqa Gabbi’s character in DC movie comparing with Peddi movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more