| Monday, 25th August 2025, 9:55 pm

എന്നെ പോലെ തന്നെ മറ്റുള്ളവരും ഇതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഉറപ്പാണ് : വാമിക ഗബ്ബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജബ് വി മെറ്റ് എന്ന ഹിന്ദി ചിത്രത്തിലെ ചെറിയൊരു വേഷത്തിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് വാമിക. ബേസില്‍ ജോസഫ് ചിത്രമായ ഗോദയിലൂടെ മലയാളികള്‍ക്കിടയില്‍ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് ബോളിവുഡിലും സൗത്ത് ഇന്ത്യയിലും ഒരുപോലെ തിരക്കുള്ള താരമാണ് വാമിക ഗബ്ബി.

ഇപ്പോള്‍ എന്തെങ്കിലും ഓഡിഷനില്‍ പങ്കെടുത്ത സാഹചര്യത്തില്‍, ആ അവസരം കൂടുതല്‍ പ്രിവിലേജുള്ള ഒരാള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് വാമിക ഗബ്ബി. ഇത് പുതിയ കാര്യമൊന്നുമല്ലെന്ന് പറഞ്ഞാണ് നടി തുടങ്ങിയത്.

‘വളരെക്കാലമായി ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നെ പോലെ തന്നെ മറ്റുള്ളവരും ഇതേ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. നല്ല ഒരു ഓഡിഷന്‍ നല്‍കിയെങ്കിലും അത് ഫലിച്ചില്ല എന്ന് അവര്‍ക്ക് തോന്നിക്കാണും. ചിലപ്പോള്‍ വിശ്വാസക്കുറവും ഒരു കാരണമാണ്. യുവ അഭിനേതാക്കളിലും പുതിയ അഭിനേതാക്കളിലുമൊക്കെ ഒരു എഫേര്‍ട്ട് എടുക്കാന്‍ ആളുകള്‍ മടിക്കുന്നു.

കൂടുതല്‍ ജനപ്രീതിയുള്ള അല്ലെങ്കില്‍ അറിയപ്പെടുന്ന മറ്റൊരു അഭിനേതാവിന്റെ കൂടെ സുരക്ഷിതമായ വഴിയിലൂടെ പോകാനാണ് അവര്‍ കൂടുതല്‍ ആഗ്രഹിക്കുന്നത്. എന്നിരുന്നാലും, പുതിയ പ്രതിഭകളില്‍ വിശ്വാസം അര്‍പ്പിക്കുന്ന സംവിധായകരുമുണ്ട്. കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, മാഡോക്ക് തുടങ്ങിയ ആളുകള്‍ പുതിയ അഭിനേതാക്കളെയും അവരുടെ ടാലന്റിനെയും പുറത്തു കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്,’ വാമിക ഗബ്ബി പറഞ്ഞു.

ചിലര്‍ക്ക് കഠിനാധ്വാനം ചെയ്യാതെ തന്നെ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അതേ അവസരങ്ങള്‍ ലഭിക്കാന്‍ ചിലര്‍ക്ക് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും നടി പറയുന്നു. താന്‍ കഠിനാധ്വാനം ചെയ്യണമെന്ന് തനിക്കറിയാമെന്നും തനിക്ക് അത് നേടാന്‍ കഴിയുമെന്നും വാമിക കൂട്ടിച്ചേര്‍ത്തു. ഫിലിം ഫേയര്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു വാമിക.

Content highlight: Wamiqa Gabbi is responding to the question of whether someone more privileged had the opportunity to participate in the audition

We use cookies to give you the best possible experience. Learn more