| Saturday, 20th December 2025, 7:51 am

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ സ്ഥിരം ആര്‍.എസ്.എസ് ഗുണ്ടകള്‍, ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു പ്രവര്‍ത്തകരെ വെട്ടിയ കേസും

ആദര്‍ശ് എം.കെ.

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദന്‍, ബിപിന്‍ എന്നിവരാണ് റിമാന്‍ഡിലായത്. ഇവരില്‍ നാലുപേര്‍ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്.

ഇവരില്‍ മുരളി, അനു എന്നിവര്‍ ക്രിമനല്‍ കേസുകളില്‍ പ്രതികളാണ്. 15 വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ വിനോദ്, സി.ഐ.ടി.യു പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസുകളിലെയും പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസ് നിലവില്‍ ഹൈക്കോടതിയില്‍ നടന്നുവരികയാണ്.

കഴിഞ്ഞ ദിവസം പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോള്‍ പാലക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസിലെ പ്രതി ആര്‍. ജിനീഷും എത്തിയിരുന്നു.

കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ബംഗ്ലാദേശിയാണെന്നാരോപിച്ചാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണ്‍ ഭയ്യാനെ ഇവര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. പങ്കാളിയുടെ മരണത്തെ തുടര്‍ന്ന് മാനസിക വെല്ലുവിളി നേടുന്ന വ്യക്തിയാണ് രാം നാരായണ്‍.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാം നാരായണന്‍ ഭയ്യാന്‍ (31) മര്‍ദനത്തിന് ഇരയായത്. ബംഗ്ലാദേശിയും മോഷ്ടാവാണോയെന്നും ചോദിച്ചുകൊണ്ടായിരുന്നു മര്‍ദനം.

മണിക്കൂറുകള്‍ നീണ്ട ആള്‍ക്കൂട്ട വിചാരണയ്ക്കും മര്‍ദനങ്ങള്‍ക്കുമിടെ കുഴഞ്ഞുവീണ യുവാവിനെ നാല് മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തില്‍ അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തന്‍, ബിബിന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധമുള്ള 15 പേര്‍ പൊലീസ് കസ്റ്റഡിയിലുമുണ്ട്.

അതേസമയം, ആള്‍ക്കൂട്ട കൊലപാതകത്തെ ഡി.വൈ.എഫ്.ഐ അപലപിച്ചു. അതിഥി തൊഴിലാളികളെ കരുതലോടെ കണ്ട് പോരുന്ന കേരളത്തിന് ഒരു നിലയ്ക്കും അംഗീകരിക്കാന്‍ കഴിയാത്ത ക്രൂരകൃത്യമാണ് വാളയാറില്‍ നടന്നതെന്നും ഡി.വൈ.എഫ്.ഐ പ്രതികരിച്ചു. രാം നാരായണിന്റെ മരണത്തില്‍ ശക്തമായ പ്രതിഷേധത്തിനും ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്തു.

‘ഇത്തരത്തിലുള്ള ആള്‍ക്കൂട്ട വിചാരണകള്‍ക്കും അക്രമത്തിനുമെതിരെ പൊതുബോധം വളര്‍ത്താന്‍ ജാഗ്രതയോടെ പൊതുസമൂഹം ഇടപെടണം. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിര സഹായങ്ങള്‍ നല്‍കണം.പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം,’ ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ രാംനാരായണിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ വന്നതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Content highlight: Walayar mob lynching; Four accused are RSS-BJP goons

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more