| Saturday, 24th October 2026, 12:17 pm

മലയാളത്തില്‍ മികച്ചൊരു വേഷത്തിനായി കാത്തിരിക്കുന്നു; ഫഹദും ബേസിലും ഗംഭീര പെര്‍ഫോമേഴ്‌സ്: വിദ്യാ ബാലന്‍

ആര്യ

മലയാള സിനിമയില്‍ അഭിനയിക്കാനുള്ള താത്പര്യം തുറന്നുപറഞ്ഞ് ബോളിവുഡ് താരം വിദ്യാ ബാലന്‍. ഫഹദ് ഫാസില്‍, ബേസില്‍ ജോസഫ് തുടങ്ങിയ മലയാളി താരങ്ങളുടെ പ്രകടനങ്ങളെ പ്രശംസിച്ച വിദ്യാ ബാലന്‍, മികച്ചൊരു കഥാപാത്രം ലഭിച്ചാല്‍ മലയാളത്തില്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ വഴി നിരവധി മലയാള സിനിമകള്‍ കാണാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

‘ സത്യം പറഞ്ഞാല്‍ ഒ.ടി.ടി പ്ലാറ്റ്ഫോമിനോട് നന്ദി പറയണം. എത്രയോ മലയാളം സിനിമകളാണ് നമുക്ക് കാണാന്‍ പറ്റുന്നത്. നല്ലൊരു സോളിഡ് റോള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ മലയാളത്തില്‍ സിനിമ ചെയ്യും. അത് മാത്രമേ എനിക്ക് നിര്‍ബന്ധമുള്ളൂ,’ വിദ്യാ ബാലന്‍ പറഞ്ഞു.

മലയാള സിനിമയില്‍ ഫഹദ് ഫാസിലും ബേസില്‍ ജോസഫും ചെയ്യുന്ന സിനിമകളെക്കുറിച്ചും താരം സംസാരിച്ചു. ഇരുവരുടെയും സിനിമകളും വര്‍ക്കുകളും തനിക്ക് ഇഷ്ടമാണെന്നും മികച്ച പ്രകടനങ്ങളാണ് അവര്‍ കാഴ്ചവെക്കുന്നതെന്നും വിദ്യാ ബാലന്‍ പറഞ്ഞു.

‘ഫഹദ് ഫാസില്‍ ചെയ്യുന്ന ചില വര്‍ക്കുകളില്ലേ, ഫന്റാസ്റ്റിക് വര്‍ക്കുകളാണ്. അതുപോലെ ബേസില്‍ ജോസഫ്. അദ്ദേഹം ഡയറക്ടറും അഭിനേതാവും കൂടിയാണ്,’ താരം വ്യക്തമാക്കി.

അഭിനയത്തില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനൊപ്പം പ്രേക്ഷകരെ രസിപ്പിക്കാനും പേടിപ്പിക്കാനുമെല്ലാം ഇഷ്ടപ്പെടുന്ന നടിയാണ് താനെന്നും അഭിമുഖത്തില്‍ പറഞ്ഞു.

അഭിനയത്തില്‍ കാലത്തിനൊപ്പം മാറ്റങ്ങള്‍ സംഭവിക്കുമെന്നും ഒരു നടിയെന്ന നിലയില്‍ ഓരോ അനുഭവത്തിലൂടെയും വളരാന്‍ കഴിയുമെന്നും വിദ്യാ ബാലന്‍ പറയുന്നു. ആളുകളെ പേടിപ്പിക്കുന്നതിലുള്ള തന്റെ ഇഷ്ടം ഇപ്പോഴും മാറിയിട്ടില്ലെന്നും താരം വെളിപ്പെടുത്തി.

‘ആളുകളെ പേടിപ്പിക്കാന്‍ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. ആക്ടര്‍ എന്ന നിലയില്‍ നമ്മള്‍ ഇവോള്‍വ് ചെയ്യും. ഗ്രോ ചെയ്യും,’ വിദ്യാ ബാലന്‍ പറഞ്ഞു.

കോളജ് കാലത്ത് സുഹൃത്തുക്കളെ പേടിപ്പിക്കാറുണ്ടായിരുന്നുവെന്നും പ്രേതമായി അഭിനയിക്കുന്നത് തനിക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും താരം ഓര്‍ത്തെടുത്തു. സഹോദരിയെ ഇപ്പോഴും പേടിപ്പിക്കാറുണ്ടെന്നും വിദ്യാ ബാലന്‍ പറയുന്നു.

തന്റെ ഹൊറര്‍ കോമഡി ചിത്രമായ ‘ഭൂല്‍ ഭുലയ്യ’യുടെ ആദ്യഭാഗവുമായി ബന്ധപ്പെട്ട രസകരമായ അനുഭവവും വിദ്യാ ബാലന്‍ പങ്കുവെച്ചു. സിനിമയുടെ സ്‌ക്രീനിങ് കഴിഞ്ഞ് സഹോദരിക്കൊപ്പം കിടക്കുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്തതോടെ അവള്‍ ഭയന്ന് കരയുകയും ലൈറ്റ് ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ് താരം പറയുന്നത്.

Content Highlight: Waiting for a Great Role in Malayalam Cinema; Fahadh and Basil Are Brilliant Performers: Vidya Balan

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more