വ്യാപം അഴിമതിക്കേസുമായി ബന്ധപ്പെട്ട് 47 ഓളം പേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ കേസുമായി ബന്ധപ്പെട്ട അഞ്ചോളം ആളുകള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതോടെയാണ് കേസ് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിച്ചതോടെ കേസുമായി ബന്ധപ്പെട്ട 200 ഓളംപേര്‍ സംരക്ഷണം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുകയാണ്.
തുടര്‍ച്ചയായി മരണങ്ങള്‍ ഉണ്ടാകുന്നതിനെ തുടര്‍ന്ന് അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന 17 പ്രതികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ഇന്‍ഡോര്‍ ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ട് ഇന്‍ഡോറിലെ പ്രത്യേക ജഡ്ജിയ്ക്ക് കത്തയച്ചിട്ടുണ്ട്. വ്യാപം അഴിമതിക്കേസുകളില്‍ മരണങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതര്‍ പിടിയിലാവാത്തതിനാല്‍ ജയിലിലുള്ളവര്‍ പുറത്തിറങ്ങാന്‍ ഭയക്കുന്നുണ്ടെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി നിയോഗിച്ച മലയാളിയായ മുന്‍ ഡി.ജി.പി വിജയരാമന്‍ പറഞ്ഞിരുന്നു.
അതേസമയം മധ്യപ്രദേശിലെ വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാല്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടാല്‍ മാത്രം പോര, സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.