| Monday, 27th July 2026, 9:22 pm

അവന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ റെക്കോഡും തകര്‍ക്കും, അവന് അതിനുള്ള കഴിവുണ്ട്: വി.വി.എസ് ലക്ഷ്മണ്‍

ആദർശ് എം.കെ.

സിംബാബ്‌വേയ്‌ക്കെതിരായ പരമ്പര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസവും പരമ്പരയിലെ പരിശീലകനുമായ വി.വി.എസ് ലക്ഷ്മണ്‍. വൈഭവ് ഏറെ മികച്ച താരമാണെന്നും ഒരു ദിവസം അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ റെക്കോഡുകളും തകര്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വി.വി.എസ് ലക്ഷ്മണ്‍

‘ഈ സീരീസ് എങ്ങനെ പുരോഗമിച്ചു എന്നതില്‍ എനിക്ക് അത്ഭുതമൊന്നും തന്നെയില്ല. സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയതില്‍ അവന് (വൈഭവ് സൂര്യവംശി) നിരാശയുണ്ടായിരുന്നു. എന്നാല്‍ ഇത് സെഞ്ച്വറി നേടാനുള്ള ആദ്യത്തേതോ അവസാനത്തെയോ അവസരമല്ല എന്ന് അവനോട് ഞങ്ങള്‍ പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

അവന് മുമ്പില്‍ വളരെ വലിയ, മികച്ച ഒരു കരിയറുണ്ട്. ഓരോ ദിവസവും സ്വയം മികച്ചതാകാനും മുന്നേറാനുമുള്ള മൈന്‍ഡ്‌സെറ്റും അവനുണ്ട്. അവന്‍ ഏറെ മികച്ചതാകുമെന്നും അന്താരാഷ്ട്ര തലത്തിലെ എല്ലാ റെക്കോഡുകളും തകര്‍ക്കുമെന്നും എനിക്കുറപ്പാണ്. അവന് അതിനുള്ള കഴിവും പൊട്ടെന്‍ഷ്യലുമുണ്ട്,’ ലക്ഷ്മണ്‍ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.

‘ഞങ്ങള്‍ക്ക് വൈഭവിനെ വളരെ നന്നായി അറിയാം. ഏകദേശം രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2024 അണ്ടര്‍ 19 ലോകകപ്പിന് മുന്നോടിയായി വിജയവാഡയില്‍ നടന്ന ക്വാഡ്രാംഗുലര്‍ സീരീസില്‍ വെച്ചാണ് അവനെ കണ്ടെത്തുന്നത്. അന്നവന്‍ ഇന്ത്യ ബി-യുടെ ടോപ്പ് സ്‌കോറര്‍മാരില്‍ ഒരാളായിരുന്നു.

അന്ന് തൊട്ട് അവന്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിലെ വിവിധ ക്യാമ്പുകളുടെ ഭാഗമായിരുന്നു. ശേഷം 2026 അണ്ടര്‍ 19 ലോകകപ്പിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനുമായി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിംബാബ്‌വേയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനമാണ് വൈഭവ് പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ 19 പന്തില്‍ 50 റണ്‍സുമായി തിളങ്ങിയ വൈഭവ് രണ്ടാം മത്സരത്തില്‍ ഒമ്പത് പന്ത് നേരിട്ട് 20 റണ്‍സുമായും മടങ്ങി.

ഹരാരെയിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ മറ്റൊരു അര്‍ധ സെഞ്ച്വറിയുമായാണ് കുട്ടിത്താരം തിളങ്ങിയത്. 49 പന്ത് നേരിട്ട് എട്ട് ഫോറിന്റെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 81 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഈ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായും പരമ്പരയിലെ താരമായും വൈഭവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Content Highlight: VVS Laxman praises Vaibhav Suryavanshi

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more