| Saturday, 1st December 2018, 11:43 am

മധ്യപ്രദേശില്‍ ബി.ജെ.പി നേതാവിന്റെ ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍; വീഡിയോ പുറത്തുവിട്ട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പിനു പിന്നാലെ ഇ.വി.എമ്മുകളുമായി ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. ഭോപ്പാലിലെ സാഗറില്‍ വോട്ടെടുപ്പില്‍ ഉപയോഗിച്ച ഇ.വി.എമ്മുകള്‍ പോളിങ് കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് സ്‌ട്രോങ് റൂമിലെത്തിയതെന്ന ആരോപണത്തിനു പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി ഉദ്യോഗസ്ഥര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ഷുജല്‍പൂരിലെ ഹോട്ടലിലാണ് വി.വി.പാറ്റുകളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിശ്രമിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ നിസാമിയാണ് ട്വിറ്ററിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിനു പിന്നാലെ ഇ.വി.എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉന്നയിച്ച് കോണ്‍ഗ്രസും എ.എ.പിയും ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇ.വി.എം സൂക്ഷിച്ച ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ നിന്നുള്ള ലൈവ് ദൃശ്യങ്ങളുടെ സംപ്രേഷണം ദുരൂഹമായ സാഹചര്യത്തില്‍ തടസ്സപ്പെട്ടത് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച ഭോപ്പാലിലെ സ്‌ട്രോങ് റൂമിനു പുറത്ത് കോണ്‍ഗ്രസും എ.എ.പിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Also Read:ഇ.വി.എം സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സി.സി.ടി.വി പ്രവര്‍ത്തനരഹിതം, പ്രധാനകവാടത്തിലെ സീല്‍ തകര്‍ത്തു; മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് കോണ്‍ഗ്രസ്

നവംബര്‍ 28ന് വോട്ടെടുപ്പു നടന്ന മധ്യപ്രദേശിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള 2265 ഇ.വി.എമ്മുകളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഇലക്ഷന്‍ ഓഫീസറോട് റിപ്പോര്‍ട്ടു തേടിയിട്ടുണ്ടെന്നാണ് മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വി.എല്‍ കന്ത റാവു പറയുന്നത്.

വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് എ.എ.പി ആരോപിക്കുന്നത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുദം ഖഡെയെ എത്രയും പെട്ടെന്ന് തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

തെരഞ്ഞെടുപ്പു കമ്മീഷന്‍ എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെടുന്നത്. ” ഷുജല്‍പൂരിലെ ബി.ജെ.പി നേതാവിന്റെ ഹോട്ടലില്‍ നിന്നും ഇ.വി.എം കണ്ടെടുക്കുന്നു, സ്‌ട്രോങ് റൂമിലെ സി.സി.ടി.വി പ്രവര്‍ത്തിക്കുന്നില്ല, ഖുറൈയില്‍ നിന്നും ഇ.വി.എം പിടിച്ചെടുക്കുന്നു, മാധ്യപ്രദേശിലെ ഈ സംഭവങ്ങളെല്ലാം ഗൗരവമായ ചോദ്യമുയര്‍ത്തുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യം പ്രാധാന്യത്തോടെ പരിശോധിക്കണം.” എന്നാണ് ചതുര്‍വേദി പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more