| Wednesday, 20th August 2025, 9:05 am

പിന്നോക്കക്കാരേക്കാള്‍ സംവരണത്തിന്റെ ഗുണം കിട്ടുന്നത് സവര്‍ണ ഹിന്ദു - മുന്നോക്ക ക്രിസ്ത്യാനികള്‍ക്ക്; കണക്കുകള്‍ പങ്കുവെച്ച് വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഇന്ന് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നത് മുസ്‌ലിങ്ങളേക്കാളും ഈഴവരടക്കമുള്ള പിന്നോക്ക ഹിന്ദുക്കളേക്കാളും പിന്നോക്ക ക്രിസ്ത്യാനികളേക്കാളും, ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍പ്പെട്ട സവര്‍ണ ഹിന്ദു – മുന്നോക്ക ക്രിസ്ത്യാനികള്‍ക്കാണെന്ന് വി.ടി ബല്‍റാം.

മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് സംബന്ധിച്ച് വന്ന കണക്കുകളുടെ പത്രവാര്‍ത്ത പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.

സംസ്ഥാനത്ത് ഗവ. മെഡിക്കല്‍ കോളേജില്‍ സ്റ്റേറ്റ് മെറ്റിറ്റിലെ 697ാം റാങ്കുകാര്‍ക്ക് വരെയാണ് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചത്. മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരില്‍ 916 റാങ്കുകാര്‍ വരെ പ്രവേശനം നേടിയപ്പോള്‍ ഈഴവ സമുദായത്തില്‍പ്പെട്ടവരില്‍ 1627 റാങ്കുകാര്‍ക്ക് വരെ പ്രവേശനം നേടാനായി.

മറ്റ് പിന്നോക്ക ഹിന്ദുക്കള്‍ക്ക് 1902 റാങ്ക് വരെയാണ് പ്രവേശനം ലഭിച്ചത്. വിശ്വകര്‍മ്മജരില്‍ 2566 റാങ്ക് വരെ പ്രവേശനം നേടിയപ്പോള്‍ പിന്നോക്ക ക്രിസ്ത്യാനികള്‍ക്കിടയില്‍ നിന്ന് 2674 റാങ്ക് വരെയാണ് പ്രവേശനപ്പട്ടികയില്‍ ഇടംപിടിച്ചത്.

എന്നാല്‍ ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍പ്പെട്ട സവര്‍ണ ഹിന്ദു/മുന്നോക്ക ക്രിസ്ത്യാനികളില്‍ 2842 റാങ്കുകാര്‍ക്ക് വരെ ആദ്യ അലോട്ട്‌മെന്റില്‍ തന്നെ സീറ്റ് നേടാനായി. ഈ കണക്കുകള്‍ വ്യക്തമാക്കുന്ന പത്രവാര്‍ത്തയാണ് വി.ടി ബല്‍റാം പങ്കുവെച്ചത്.

‘സംവരണം കാരണം മെറിറ്റും കഴിവും ഇല്ലാതാവും’ എന്ന പഴയ മുദ്രാവാക്യം ഉയര്‍ത്താന്‍ ഇന്നിപ്പോള്‍ ആളില്ലാതായത് ഇ.ഡബ്ല്യു.എസ് വന്നതില്‍പ്പിന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.

സ്റ്റേറ്റ് മെറിറ്റിനോട് എത്രത്തോളം അടുത്താണ് ഓരോ സാമൂഹ്യ വിഭാഗത്തിന്റേയും സംവരണ മെറിറ്റ് എന്നത് അതത് വിഭാഗക്കാര്‍ നേടിയ വിദ്യാഭ്യാസപരമായ പുരോഗതിയേക്കൂടിയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ നിലയില്‍ സമീപകാലത്ത് മുസ്‌ലിം സമുദായം നേടിയ വിദ്യാഭ്യാസപരമായ വലിയ മുന്നേറ്റത്തെക്കൂടി ഈ കണക്കുകള്‍ ശരിവെക്കുന്നുണ്ടെന്നും വി.ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.

‘മുസ്‌ലിങ്ങളെക്കുറിച്ചും മലപ്പുറമടങ്ങുന്ന മലബാറിനേക്കുറിച്ചുമൊക്കെ സംഘപരിവാര്‍ നറേറ്റീവിലധിഷ്ഠിതമായ ഇടുങ്ങിയ ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് സ്വയം ആത്മപരിശോധന നടത്താനുള്ള അവസരമായും ഇത് മാറേണ്ടതുണ്ട്.

ആവശ്യത്തിന് ഹയര്‍ സെക്കണ്ടറി പഠനസൗകര്യമില്ല എന്നതടക്കമുള്ള നിരവധി പ്രതികൂല ഘടകങ്ങളെയും മലബാറുകാര്‍ പ്രത്യേകമായി നേരിടേണ്ടി വരുന്നുണ്ട്. ജനസംഖ്യയില്‍ 27 ശതമാനത്തോളമുള്ള മുസ്‌ലിങ്ങള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് വെറും 8 ശതമാനം സംവരണമേയുള്ളൂ എന്നതും കാണേണ്ടതുണ്ട്. എന്നാല്‍ ജനസംഖ്യയില്‍ പരമാവധി 22-23 ശതമാനം മാത്രം വരുന്ന ഇ.ഡബ്ല്യു.എസ് വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണമാണ് നിലവിലുള്ളത്,’ വി.ടി ബല്‍റാം പറഞ്ഞു.

ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മൊത്തത്തില്‍ ഉദ്യോഗ മേഖലയില്‍ 40% സംവരണം ലഭ്യമാണെന്നും എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ വിവിധ കോഴ്‌സുകള്‍ക്ക് ഇത് 20 മുതല്‍ 30 ശതമാനം വരെ മാത്രമാണ് സംവരണമെന്നും വി.ടി ബല്‍റാം പറഞ്ഞു.

‘ഉദ്യോഗ മേഖലയിലേത് പോലെ വിദ്യാഭ്യാസ മേഖലയിലും 40% സംവരണം ഒ.ബി.സി വിഭാഗങ്ങള്‍ക്ക് അനുവദിച്ചാല്‍ നിലവിലുള്ള അസമത്വം അല്പമെങ്കിലും കുറയ്ക്കാന്‍ സഹായകരമാകും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് എന്ന പേരില്‍ അനുവദിക്കുന്ന ഇ.ഡബ്ല്യു.എസ് സംവരണത്തില്‍ ജാതിമത പരിഗണന കൂടാതെ എല്ലാ പാവപ്പെട്ടവര്‍ക്കും അവസരം നല്‍കിയാല്‍ അതും യഥാര്‍ത്ഥ പാവങ്ങള്‍ക്ക് കൂടി പ്രയോജനം ചെയ്യും. സംവരണ തോത് നിശ്ചയിച്ചതിലെ വിവേചനത്തിന് ചെറിയൊരു പരിഹാരവും ആകും,’ വി.ടി ബല്‍റാം പറഞ്ഞു.

വിവിധ പിന്നോക്ക സമൂഹ്യ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ ശതമാനക്കണക്കില്‍ ഉദ്യോഗരംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ സംവരണം നല്‍കാത്തത് കൊണ്ടുകൂടിയാണ് അനീതികളും അസംതൃപ്തികളും നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇതിനുള്ള പരിഹാരമായിട്ടാണ് രാജ്യത്ത് അടിയന്തരമായി ഒരു ജാതി സെന്‍സസ് നടത്തണമെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നിരന്തരം ആവശ്യപ്പെടുന്നതെന്നും വി.ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.

ഓരോ ജാതി, മത, സാമൂഹ്യ വിഭാഗങ്ങളുടേയും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ സമഗ്രമായ ഒരു സെന്‍സസ് നടത്തി കൃത്യമായി രേഖപ്പെടുത്തിയാല്‍ ഈ അനീതികള്‍ തിരിച്ചറിയാനും തിരുത്താനും നമുക്ക് അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഒരു വോട്ടര്‍പട്ടിക പോലും കൃത്യമായി തയ്യാറാക്കാന്‍ കഴിയാത്ത ഇന്നത്തെ ഇന്ത്യയിലെ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് ഇതിനൊക്കെ കഴിയുമോ എന്നത് മാത്രമാണ് കണ്ടറിയേണ്ടതെന്ന് വി.ടി ബല്‍റാം പരിഹസിച്ചു.

Content Highlight: VT Balram talks about benefits from reservation in different classes

We use cookies to give you the best possible experience. Learn more