| Sunday, 30th November 2025, 9:26 am

കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സ്ഥാനമൊഴിഞ്ഞ് വി.ടി. ബല്‍റാം; പുതിയ ചെയര്‍മാനായി ഹൈബി ഈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം. പുതിയ ചെയര്‍മാനായി ഹൈബി ഈഡന്‍ എം.പിയെ തെരഞ്ഞെടുത്തു. ഡിജിറ്റല്‍ മീഡിയ സെല്‍ ഇനിമുതല്‍ സോഷ്യല്‍ മീഡിയ സെല്ലാകുമെന്നും വിവരമുണ്ട്.

സെപ്റ്റംബറില്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ബീഡി-ബീഹാര്‍ പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് വി.ടി. ബല്‍റാം രാജിവെച്ച വിവരം പുറത്തുവന്നത്. എന്നാല്‍ വി.ടി. ബല്‍റാമിന്റെ രാജി കെ.പി.സി.സി അംഗീകരിച്ചിരുന്നില്ല.

ചെയര്‍മാന്‍ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ബല്‍റാം ഉന്നയിച്ച ചില ആവശ്യങ്ങളോട് കെപി.സി.സി അനുകൂലമായി പ്രതികരിച്ചിരുന്നില്ല. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്ലിനെ കൂടുതല്‍ പ്രഫഷണല്‍ ആക്കണമെന്നത് ഉള്‍പ്പെടെയായിരുന്നു ബല്‍റാമിന്റെ ആവശ്യം.

അതേസമയം ബല്‍റാമിന്റെ രാജിവാര്‍ത്ത പുറത്തുവന്നതോടെ ചെയര്‍മാന്റെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മാത്രമല്ല, മീഡിയ സെല്ലിലെ ചില പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടന്ന സൈബര്‍ ആക്രമണവും വിവാദമായിരുന്നു.

നിലവില്‍ കെ.പി.സി.സി നേതൃയോഗത്തിലും എക്‌സിക്യൂട്ടീവ് യോഗത്തിലുമാണ് ഡിജിറ്റല്‍ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഹൈബി ഈഡനെ നിയോഗിക്കാന്‍ തീരുമാനമായത്. വി.ടി. ബല്‍റാമിന്റെ കരട് നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്. പാര്‍ട്ടിയ്ക്ക് പ്രതിരോധം തീര്‍ക്കുക, നേതാക്കള്‍ക്കെതിരായ ആക്രമണങ്ങളെ ചെറുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മീഡിയ സെല്‍ നടപ്പിലാക്കുക.

‘ബീഡിയും ബീഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ ഇനിയൊരു പാപമായി കണക്കാക്കാനാകില്ല’ എന്ന കോണ്‍ഗ്രസ് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്നായിരുന്നു വി.ടി. ബല്‍റാമിന്റെ രാജി.

പോസ്റ്റ് ചര്‍ച്ചയായതോടെ ബി.ജെ.പി ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെ വിവാദപോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബീഹാറില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ‘വോട്ടര്‍ അധികാര്‍ യാത്ര’ നടക്കുന്നതിടെയായിരുന്നു കോണ്‍ഗ്രസിന്റെ ബീഹാര്‍-ബീഡി പോസ്റ്റ്.

Content Highlight: VT Balram steps down as KPCC Digital Media Chairman; Hibi Eden appointed as new chairman

We use cookies to give you the best possible experience. Learn more