തിരുവനന്തപുരം: കെ.പി.സി.സി സോഷ്യല്‍ മീഡിയ ചുമതലയില്‍ നിന്ന് രാജിവെച്ച് മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി. ബല്‍റാം. കോണ്‍ഗ്രസിന്റെ ബീഡി-ബീഹാര്‍ പോസ്റ്റ് വിവാദമായതോടെയാണ് ബല്‍റാം രാജിവെച്ചത്.
ബീഡി-ബീഹാര്‍ പോലുള്ള പോസ്റ്റുകള്‍ വരുമ്പോള്‍ തനിക്ക് അതിനെതിരെ പ്രതികരിക്കാനുള്ള സമയമില്ലെന്ന് വി.ടി. ബല്‍റാം പറഞ്ഞു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൂടുതല്‍ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നവരെ തല്‍സ്ഥാനത്ത് നിയമിക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.
വിവാദ പോസ്റ്റ് അംഗീകരിക്കാനാകില്ലെന്നും വി.ടി. ബല്‍റാം പറഞ്ഞു. രാജിവെക്കണമെന്ന തീരുമാനം നേരത്തെ എടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബീഡി-ബീഹാര്‍ പോസ്റ്റില്‍ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ഖേദം പ്രകടിപ്പിച്ചിരുന്നു. പിശക് പറ്റിയതാണെന്നും ജാഗ്രതക്കുറവും സൂക്ഷ്മതക്കുറവും ഉണ്ടായെന്നുമാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.
വിവാദ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ടെന്നും അതിന് ഉത്തരവാദികളായ അഡ്മിനും ഓപ്പറേറ്റര്‍മാരും ഖേദം പ്രകടിപ്പിച്ചതായും സണ്ണി ജോസഫ് അറിയിച്ചിരുന്നു. വി.ടി. ബല്‍റാമിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണം.
ഇതിനുപിന്നാലെയാണ് വി.ടി. ബല്‍റാം രാജിവെച്ചെന്ന വിവരം പുറത്തുവരുന്നത്. അതേസമയം ജി.എസ്.ടി പരിഷ്‌കാരങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് പോസ്റ്റാണ് വിവാദത്തിലായത്.
‘ബീഡിയും ബീഹാറും ‘ബി’യിലാണ് തുടങ്ങുന്നത്, അതിനെ ഇനിയൊരു പാപമായി കണക്കാക്കാനാകില്ല’ എന്ന പോസ്റ്റാണ് വിവാദമായത്.
പോസ്റ്റ് ചര്‍ച്ചയായതോടെ ബി.ജെ.പി ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയാണ് കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്. പിന്നാലെ കോൺഗ്രസ് സോഷ്യൽ മീഡിയ വിങ് പോസ്റ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് കേരള ഘടകം മാപ്പ് പറയണമെന്ന് തേജസ്വി ആവശ്യപ്പെടുകയായിരുന്നു.
അതേസമയം ബീഹാറില്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’ വന്‍ വിജയമായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വിവാദത്തിന് കോണ്‍ഗ്രസ് തന്നെ തിരികൊളുത്തിയത്.
Content Highlight: VT Balram resigns from KPCC social media in-charge