| Friday, 27th December 2024, 11:36 am

തൃശൂര്‍ മേയര്‍ക്ക് ചോറിവിടെയും കൂറവിടെയും; ബി.ജെ.പി അധ്യക്ഷനില്‍ നിന്ന് കേക്ക് സ്വീകരിച്ചത് ആസൂത്രിതം: വി.എസ്. സുനില്‍ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിനെതിരെ സി.പി.ഐ നേതാവും മുന്‍മന്ത്രിയുമായ വി.എസ് സുനില്‍ കുമാര്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷനില്‍ നിന്നും മേയര്‍ ക്രിസ്മസ് കേക്ക് സ്വീകരിച്ചത് ആസൂത്രിതമായെന്നും വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.

മേയര്‍ക്ക് ചോറ് ഇവിടെയും കൂറവിടെയുമാണെന്നും മേയറെ സ്ഥാനത്ത് തുടരാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചതാണ് പ്രശ്‌നമെന്നും അദ്ദേഹം പരാമര്‍ശിച്ചു.

കേരളത്തില്‍ ഒരുപാട് മേയര്‍മാരുണ്ടായിട്ടും തൃശൂര്‍ മേയര്‍ക്ക് മാത്രം കേക്ക് കൊണ്ടുകൊടുക്കുന്നത്, വഴി തെറ്റി വന്ന് കൊടുത്തതല്ലെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

മേയറുടെ കാര്യത്തില്‍ യാതൊരു അത്ഭുതവും തോന്നിയിട്ടിലില്ലെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആളാണദ്ദേഹമെന്നും വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു.

തനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായ പ്രശ്‌നമില്ലെന്നും തൃശൂര്‍ കോര്‍പറേഷന്‍ മേയറോടുള്ള പ്രതിഷേധം നേരത്തേ സി.പി.ഐ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആ നിലപാടില്‍ തനിക്ക് യാതൊരു വ്യത്യാസവുമില്ലെന്നും വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ചെലവില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോട് പാര്‍ട്ടിയും വ്യക്തിപരമായും യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ക്രിസ്തുമസ് ദിവസം തന്റെ വസതിയില്‍ ആര് വന്നാലും സ്വീകരിക്കും എന്നും ക്രിസ്മസ് സ്‌നേഹത്തിന്റെ ദിവസമാണെന്നും മറ്റൊരു ചിന്തയും ഇല്ലെന്നായിരുന്നു മേയര്‍ എം. കെ. വര്‍ഗീസിന്റെ മറുപടി.

Content Highlight: VS Sunil Kumar against Thrissur Corporation Mayor MK Varghese

We use cookies to give you the best possible experience. Learn more