| Thursday, 9th January 2014, 9:46 am

കൊച്ചിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടും റിസര്‍ച്ച് സെന്ററും സ്ഥാപിക്കും: വി.എസ്. ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ച  കൊച്ചി മെഡിക്കല്‍ കോളേജിന്റെ കാമ്പസില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടും റിസര്‍ച്ച് സെന്ററും സ്ഥാപിക്കുവാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചതായി ആരോഗ്യ കുടുംബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

ഇതിന്റെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുള്ള കണ്‍സല്‍ട്ടന്‍സിയെ നിയോഗിക്കുവാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രാരംഭ നടപടികള്‍ക്കായി സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുവാനും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മദ്ധ്യകേരളത്തില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞവര്‍ഷത്തെ ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലും വിവിധ മേഖലകളില്‍ നിന്നുള്ള ആവശ്യങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ കണക്കിലെടുത്തുമാണ് കൊച്ചിയില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടും റിസര്‍ച്ച് സെന്ററും സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ ആലോചിച്ചത്.

2014 ജനുവരി നാലിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗം  ഇക്കാര്യം ചര്‍ച്ച ചെയ്തു.

യോഗത്തില്‍ കേന്ദ്ര മന്ത്രി കെ.വി. തോമസ്, സംസ്ഥാനത്തെ ആരോഗ്യം, പൊതുമരാമത്ത്, എക്‌സൈസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാര്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more