| Wednesday, 7th April 2010, 8:08 am

വീണ്ടും വഴങ്ങാതെ രക്ഷയില്ല, വി എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പി എസ്.റംഷാദ്
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറായാകാന്‍ താനില്ലെന്ന് സി പി. നാരായണന്‍ പാര്‍ട്ടി നേതൃത്വത്തിനു കത്തു കൊടുത്തതോടെ അതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്കു കടന്നിരിക്കുന്നു. കത്ത് കൊടുത്തത് നാരായണനോ പാര്‍ട്ടിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നതു ശരിതന്നെ. എന്നാല്‍ അതത്ര കാര്യമാക്കേണ്ടതില്ലെന്നു തോന്നുന്നു. കാരണം മുമ്പും വളഞ്ഞ വഴിയിലൂടെ ചോര്‍ന്നു കിട്ടുന്ന കാര്യങ്ങളില്‍ മാധ്യമങ്ങള്‍ക്കു സ്ഥിരീകരണം നല്‍കാന്‍ സി പി ഐഎം നേതാക്കള്‍ തയ്യാറാകാറില്ല. ഇതും അങ്ങനെതന്നെയാകാനേ തരമുള്ളു. 27ന് ആരംഭിക്കുന്ന സംസ്ഥാന കമ്മിറ്റി അവസാനിക്കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകാനാണു സാധ്യത.

പൊളിറ്റ് ബ്യൂറോയില്‍ നിന്നു വി.എസ് അച്യുതാനന്ദനെ നീക്കിയ ശേഷം കുറച്ചൊന്നടങ്ങി നിന്ന ഉള്‍പ്പാര്‍ട്ടിപ്പോര് രൂക്ഷമാക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടി വിവാദം ഇടയാക്കിയെന്നതു മാത്രമല്ല പ്രധാനം. അതിന് ഇനിയുണ്ടാകാന്‍ പോകുന്ന വഴിത്തിരിവുകള്‍ ഭരണത്തിന്റെ അവസാന വര്‍ഷത്തില്‍ മുഖ്യമ്രന്തിയുടെ കഴുത്തില്‍ കൂടുതല്‍ വലിയ കുരുക്കാകുമോ എന്നതാണ്. കാരണമുണ്ട്. പിബിയില്‍ നിന്നു നീക്കുമ്പോള്‍ കേന്ദ്ര കമ്മിറ്റി വി എസിനു നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അതു ചര്‍ച്ചയാകും. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കൂടി പങ്കെടുക്കുന്ന ആ യോഗത്തിന്റെതായി കേന്ദ്ര നേതൃത്വത്തിന് ഒരു പരാതി തയ്യാറാകുമെന്നാണു സൂചന. വി. എസ് വീണ്ടും അച്ചടക്കം ലംഘിച്ചിരിക്കുന്ന, നടപടി വേണം എന്നതായിരിക്കും അതിന്റെ സത്ത. അതൊഴിവാകണമെങ്കില്‍ വി. എസ് വഴങ്ങണം. അതായത് പാര്‍ട്ടി നിര്‍ദേശിച്ചയാളെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി അംഗീകരിച്ച് വായടയ്ക്കണം. വി എസ് അത് അംഗീകരിക്കേണ്ടി വന്നേക്കുമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങളും പൊളിറ്റിക്കല്‍ സെക്രട്ടറി പ്രശ്‌നത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടും നോക്കുമ്പോള്‍ മനസിലാകുന്നത്.

മുഖ്യമന്ത്രിയെന്ന നിലയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുകയും മന്ത്രിമാരുടെ സംഘത്തെ കാര്യക്ഷമമായി നയിക്കുകയും ചെയ്യുക, പാര്‍ട്ടിയും ഗവണ്‍മെന്റും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നു വരുത്തുന്ന പരസ്യ പ്രതികരണങ്ങള്‍ അവസാനിപ്പിക്കുക, സംസ്ഥാന കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്കു വഴങ്ങി പ്രവര്‍ത്തിക്കുക എന്നിവയായിരുന്നു മാര്‍ഗ നിര്‍ദേശങ്ങളുടെ കാതല്‍.

പൊളിറ്റിക്കല്‍ സെക്രട്ടറിയായി സി പി നാരായണനെ നിയമിക്കാന്‍ തീരുമാനിച്ച സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ ആ തീരുമാനം അംഗീകരിക്കുന്ന ഭാവമാണു വി എസ് പ്രകടിപ്പിച്ചതെന്നാണു ലഭിക്കുന്ന വിവരം. എന്നാല്‍ പിന്നീട് അദ്ദേഹം ആ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന ഘടകത്തെയും കേന്ദ്ര നേതൃത്വത്തെയും അറിയിച്ചു. മാത്രമല്ല മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇതെക്കുറിച്ചു ചോദ്യമുയര്‍ന്നപ്പോള്‍, പോളിറ്റിക്കല്‍ സെക്രട്ടറിയെ ആരു തീരുമാനിച്ചു എന്ന മറുചോദ്യമാണു വി എസില്‍ നിന്നുണ്ടായത്. തീരുമാനിക്കുമ്പോള്‍ അറിയിക്കാമെന്ന വിശദീകരണവുമുണ്ടായി. അതായത് പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നില്ലെന്ന വ്യക്തമായ പ്രഖ്യാപനം.
ഇതില്‍പരം എന്തു വേണം ഔദ്യോഗിക പക്ഷത്തിനൊരു വടികിട്ടാന്‍? ഇതു കേവലം ഔദ്യോഗിക പക്ഷത്തിന്റെ പകപോക്കല്‍ നയമെന്നു വ്യഖ്യാനിക്കാവുന്നതിന് അപ്പുറമാണു താനും. വസ്തുതകളും തെളിവുകളും വി എസിന് വീണ്ടും എതിരായിരിക്കുന്നു. അത് അദ്ദേഹത്തിനു നന്നായി അറിയുകയും ചെയ്യാം.

പിന്നെ സി.പി. നാരായണന്റെ കത്തിന്റെ കാര്യമല്ലേ. അത് പാര്‍ട്ടി തള്ളുകയും തീരുമാനം അംഗീകരിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹത്തോടു നിര്‍ദേശിക്കുകയും ചെയ്യുന്നതോടെ തീരാനാണു സാധ്യത.

We use cookies to give you the best possible experience. Learn more