തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐയെ്‌ക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനു കത്തയച്ചു.
സഹോദരന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുകയാണെന്നും അന്നു ബന്ധുക്കള്‍ ഈ ആവശ്യം ഉന്നയിച്ചെങ്കിലും അന്നത്തെ ആഭ്യന്തര മന്തരി രമേശ് ചെന്നിത്തല പരിഹസിച്ച് മടക്കുകയായിരുന്നെന്നും സി.ബി.ഐ അന്വേഷണം അന്നും താന്‍ ആവശ്യപ്പെട്ടതാണെന്നും വി.എസ് കത്തില്‍ പറയുന്നു.
ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ കേന്ദ്രത്തെ സമീപിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നും വി.എസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇക്കാര്യം ഉന്നയിച്ച സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണെന്നും ഈ പശ്ചാത്തലത്തില്‍ കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ അടിയന്തരമായി കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെടണമെന്നും വി.എസ് കത്തിലൂടെ ആവശ്യപ്പെട്ടു.
അതേസമയം ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കാന്‍ ധാരണയായതായി എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലും പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സി.ബി.ഐ ഡയറക്ടറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് എം.പിമാരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
2014 മെയ് 21 നായിരുന്നു ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലൈന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.