മലപ്പുറം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ജമാഅത്തെ ഇസ്‌ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകനെതിരെ പരാതിയെന്ന് റിപ്പോര്‍ട്ട്.
ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വര്‍ഗീയവാദി വര്‍ഗീയവാദി തന്നെയാണെന്ന് ഹമീദിന്റെ മകന്‍ യാസീൻ അഹ്‌മദ് ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു. പിന്നാലെ യാസീനും ഹമീദിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
വിമര്‍ശനം കടുത്തതോടെ വി.എസിനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റ് യാസീന്‍ അഹ്‌മദ് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
‘മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ച് ജയിച്ചവരാണെന്ന് പറഞ്ഞ, അപകടകരമായ മുസ്‌ലിം വിരുദ്ധ വര്‍ഗീയ വിഷം ചീറ്റി യോഗിക്കും അമിത് ഷായ്ക്കും തുടങ്ങി എല്ലാ വര്‍ഗീയവാദികള്‍ക്കും റെഫറന്‍സുകള്‍ നല്‍കിയ, എത്രയോ മക്കളെ അനാഥരാക്കിയ പല കൂട്ടക്കൊലകള്‍ക്കും നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് തീവ്രവാദി വി.എസ് കേരളം ഇസ്‌ലാമിക രാജ്യമാവാന്‍ കാത്തുനില്‍ക്കാതെ പടമായി, ആദരാഞ്ജലികള്‍,’ എന്നായിരുന്നു യാസീന്‍ അഹ്‌മദിന്റെ പോസ്റ്റ്.
വി.എസിനെ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ എം.സി.എ നാസര്‍ അബ്ദുല്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. 2010ല്‍ എല്‍.ഡി.എഫിനെ കുറിച്ച് താന്‍ ഉന്നയിച്ച ചോദ്യത്തിന് വി.എസ് നല്‍കിയ മറുപടിയുടെ ഒരു ഭാഗം ഒഴിവാക്കി വി.എസിനെ മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുന്നത് നീതീകരിക്കാനാകില്ലെന്നാണ് എം.സി.എ നാസര്‍ പ്രതികരിച്ചത്.
‘വരും വര്‍ഷങ്ങളില്‍ കേരളം ഒരു മുസ്‌ലിം ഭൂരിപക്ഷ മേഖലയായി മാറും’ എന്ന് വി.എസ് അച്യുതാനന്ദന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് ചിലരുടെ അവകാശവാദം. കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കോട്ടയത്ത് നടന്ന പരിപാടിയില്‍ ഈ വാദം ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍ മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന തീവ്രസംഘടനയായ എന്‍.ഡി.എഫിന്റെ ഗൂഡലക്ഷ്യങ്ങളെ കുറിച്ചാണ് വി.എസ് അന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. പക്ഷെ നാസര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് വി.എസ് നല്‍കിയ മറുപടിയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഏതാനും കേന്ദ്രങ്ങള്‍ വ്യാജപ്രചരണങ്ങള്‍ തുടരുന്നത്.
2010 ജൂലൈയില്‍ ദല്‍ഹിയിലെ കേരള ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ മറുപടിയാണ് വി.എസിന്റെ വിയോഗ വേളയിലും തെറ്റായി ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നതെന്നും എം.സി.എ നാസര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Jamaat-e-Islami leader’s son insults VS