| Saturday, 26th July 2025, 2:32 pm

2004ല്‍ വി.എസിട്ട പൂട്ട് 21 വര്‍ഷം കഴിഞ്ഞിട്ടും സാന്റിയാഗോ മാര്‍ട്ടിനും കൂട്ടര്‍ക്കും ഊരാന്‍ സാധിച്ചിട്ടില്ലെന്ന് സുരേഷ് കുമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ ലോട്ടറിയുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി രാഷ്ട്രീയ വിവാദമാക്കാമായിരുന്നിട്ടും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയാനാഗ്രഹിച്ച വിഷയം ഓര്‍ത്തെടുത്ത് മുന്‍ ലോട്ടറി ഡയറക്ടര്‍ സുരേഷ് കുമാര്‍. അന്നത്തെ കൂടിക്കാഴ്ചയില്‍ ‘ഒരു സാധാരണക്കാരന്‍ എങ്ങനെയാണ് ലോട്ടറിക്ക് അടിമയാകുന്നത്’ എന്നായിരുന്നു വി.എസിന് അറിയേണ്ടിയിരുന്നതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

യു.ഡി.എഫ് ഭരണത്തെ വെട്ടിലാക്കിയ ഒന്നായിരുന്നു ലോട്ടറി വിവാദം. കോണ്‍ഗ്രസ് നേതാക്കളായ ശങ്കരനാരായണന്‍, വക്കം പുരുഷോത്തമന്‍, ടി.എം. ജേക്കബ് എന്നിവര്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്ന കേസ് കൂടിയായിരുന്നു ഇത്.

ലോട്ടറി വിവാദം ആരംഭിച്ച സമയത്ത് ധനമന്ത്രിയായിരുന്ന ശങ്കരനാരായണന്‍ ആദ്യഘട്ടത്തില്‍ തങ്ങളുടെ നീക്കങ്ങളെ അനുകൂലിച്ചിരുന്നെങ്കിലും, പിന്നീട് തന്റെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി ‘ആത്മാര്‍ത്ഥ സുഹൃത്തായ’ സാന്റിയാഗോ മാര്‍ട്ടിനെ നേരിട്ട് പരിചയപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ടാണ് സുരേഷ് കുമാര്‍ സംസാരിക്കുന്നത്.

ഇക്കാലയളവില്‍ ലോട്ടറിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 125 ആത്മഹത്യകളാണ് രേഖപ്പെടുത്തിയിരുന്നത്. ആത്മഹത്യ ചെയ്തവരില്‍ നല്ലൊരു ശതമാനം ചുമട്ടുതൊഴിലാളികളും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായിരുന്നു. ഇവരെല്ലാം എങ്ങനെയാണ് കടക്കെണിയില്‍പ്പെട്ട് ആത്മഹത്യയിലേക്ക് നീങ്ങുന്നതെന്നാണ് വി.എസ് അന്ന് ചോദിച്ചതെന്നും സുരേഷ് കുമാര്‍ പറയുന്നു.

ചോദ്യത്തിന് മറുപടിയായി, സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറികള്‍ വാങ്ങാന്‍ സാധാരണക്കാരില്‍ പ്രേരണയുണ്ടാക്കുന്ന ലോട്ടറിയിലെ ചില ഘടകങ്ങളെ കുറിച്ച് വി.എസിന് വിശദീകരിച്ച് നല്‍കിയെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

‘500 രൂപ, 1000 രൂപ, 2000 രൂപ മുതലായ ചെറുസമ്മാനങ്ങള്‍ ധാരാളമായി മാര്‍ട്ടിന്‍ ഏര്‍പ്പെടുത്തിയിരുന്നത് ബോധപൂര്‍വമായിരുന്നു. രണ്ടു-മൂന്ന് മാസം കഴിയുമ്പോള്‍ ഒരാള്‍ തിരിച്ചറിയുന്നത് താന്‍ ഈ കാലയളവില്‍ പതിനായിരത്തിലധികം രൂപയ്ക്ക് ടിക്കറ്റ് വാങ്ങിയപ്പോള്‍ സമ്മാനമായി കിട്ടിയത് വെറും മൂവായിരം രൂപയില്‍ താഴെ മാത്രമായിരുന്നു എന്നാണ്. നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാന്‍ വീണ്ടും വീണ്ടും ടിക്കറ്റ് എടുക്കുക എന്നതല്ലാതെ മറ്റൊരു വഴിയുമില്ല. അങ്ങനെയാണ് ഭാര്യയുടെ സ്വര്‍ണവും പിന്നെ സ്വന്തം ഓട്ടോറിക്ഷയും പണയപ്പെടുത്തിയും പിന്നീട് അവ വിറ്റും ടിക്കറ്റ് വാങ്ങുന്നത്. ഒടുവില്‍ കടക്കെണിയില്‍പ്പെട്ട ഈ വ്യക്തിക്ക് ആത്മഹത്യയല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്ന അവസ്ഥയിലെത്തുന്നു,’ സുരേഷ് കുമാര്‍ വി.എസിനോട് പറഞ്ഞ വാക്കുകള്‍.

കൂടാതെ ലോട്ടറി കേസുകള്‍ പരിഗണിക്കുന്നതിനിടെ, ഒരു കേസില്‍ മാത്രം സുപ്രീം കോടതി ലോട്ടറിക്കാര്‍ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചതും സുരേഷ് കുമാര്‍ ഓര്‍ത്തെടുത്തു. ലോട്ടറിക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുന്നത് സുപ്രീം കോടതി തടസപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഉത്തരവ് നിലനില്‍ക്കെ കോടതിയലക്ഷ്യം ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ മലപ്പുറത്തെ ഒരു വിലപ്പനക്കാരനെതിരെ പൊലീസ് കേസെടുത്തു.

വിഷയത്തില്‍ ഉടനടി ഇടപെട്ട സുപ്രീം കോടതി, ചീഫ് സെക്രട്ടറിയായിരുന്ന ബാബു ജേക്കബിനേയും ഡി.ജി.പി ഹോര്‍മീസ് തരകനേയും നേരിട്ട് വിളിച്ചു ശാസിച്ചു. മാത്രമല്ല ഇവരില്‍ നിന്ന് ‘ഇനി മേലില്‍ നിയമവിരുദ്ധമായ ലോട്ടറിക്കാര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ല’ എന്ന് സത്യവാങ്മൂലം എഴുതി വാങ്ങിക്കുകയും ചെയ്തു.

ഇതറിഞ്ഞ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തന്നെയും സുഹൃത്തും കോണ്‍ഗ്രസുകാരനുമായ അഡ്വ. അജിത്ത് പ്രകാശിനെയും അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയെന്നും സുപ്രീം കോടതിയുടെ ഉത്തരവിനെ കുറിച്ചും ചോദ്യമുയര്‍ത്തിയതായും സുരേഷ് കുമാര്‍ പറഞ്ഞു. അക്കാലത്ത് സുപ്രീം കോടതി പരിഗണിച്ചിരുന്ന ലോട്ടറി കേസുകളില്‍ വി.എസ് വ്യക്തിപരമായി കക്ഷി ചേര്‍ന്നിരുന്നു. അജിത്തും അദ്ദേഹത്തിന്റെ സുഹൃത്തായ അഡ്വ. അനിലുമാണ് വി.എസിന്റെ സുപ്രീം കോടതി അഭിഭാഷകരെ ബ്രീഫ് ചെയ്തിരുന്നത്.

സുപ്രീം കോടതിയുടെ ഉത്തരവില്‍ വി.എസ് ഉന്നയിച്ച ചോദ്യം കേട്ടപ്പോള്‍ അത്ഭുതം തോന്നിപ്പോയെന്നുമാണ് സുരേഷ് കുമാര്‍ തുടര്‍ന്ന് പറയുന്നത്.

‘കേന്ദ്ര ലോട്ടറി നിയമം ലംഘിച്ച് നടത്തുന്ന ലോട്ടറികള്‍ വില്‍ക്കുന്നത് പരാതികൂടാതെ തന്നെ കേസെടുക്കേണ്ട ഗുരുതരമായ കുറ്റമാണെന്നല്ലേ നിങ്ങള്‍ പറഞ്ഞിരുന്നത്? വി.എസ് ചോദിച്ചു. ‘അതെ. നിയമവിരുദ്ധ ലോട്ടറികള്‍ വില്‍ക്കുന്നത് കൊലപാതകം, ബലാത്സംഗം മുതലായ കുറ്റങ്ങളെ പോലെ കൊഗിനിസിബിള്‍ ഒഫന്‍സ് തന്നെയാണ്, ഞങ്ങള്‍ മറുപടി നല്‍കി. അങ്ങനെയാണെങ്കില്‍ നാളെ മുതല്‍ കൊലപാതകം, ബലാത്സംഗം എന്നിവ നടന്നാല്‍ ഞങ്ങള്‍ കേസെടുക്കില്ല എന്ന് പറയുന്നതിന് തുല്യമല്ലെ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട സത്യവാങ്മൂലം? ഒരു സംസ്ഥാന സര്‍ക്കാരിന് അങ്ങനെയൊരു നിലപാടെടുക്കാന്‍ സാധിക്കുമോ? അത്തരത്തിലുള്ള ഒരു സത്യവാങ്മൂലം സുപ്രീം കോടതി സ്വീകരിക്കുന്നതും നിയമവിരുദ്ധമല്ലേ,’ വി.എസിന്റെ ചോദ്യം സുരേഷ് കുമാർ വിശദീകരിച്ചത് ഇങ്ങനെ.

ആറാം ക്ലാസുവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം ലഭിച്ച വി.എസിന്റെ നിയമജ്ഞാനം തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും സുരേഷ് കുമാര്‍ പറഞ്ഞു. അവസാനം ലോട്ടറി യുദ്ധത്തില്‍ അന്തിമ വിജയം നേടിയത് വി.എസ് തന്നെയായിരുന്നുവെന്നും സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

2004ല്‍ വി.എസ് അടിച്ച ആണി 21 വര്‍ഷം കഴിഞ്ഞിട്ടും സാന്റിയാഗോ മാര്‍ട്ടിനും കൂട്ടര്‍ക്കും ഊരാന്‍ സാധിച്ചിട്ടില്ലെന്നും കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലുടനീളം ഇന്നും അന്യസംസ്ഥാനങ്ങളുടെ പേരിലുള്ള വ്യാജ ലോട്ടറി വില്‍പ്പനയില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഇതിന്റെയെല്ലാം ക്രെഡിറ്റ് വി.എസിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Suresh Kumar said VS was not looking for political gain in the lottery controversy

We use cookies to give you the best possible experience. Learn more