| Wednesday, 23rd July 2025, 9:22 pm

രക്തസാക്ഷികൾക്കൊപ്പം വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം; വി.എസിന്റെ സംസ്‌കാരം പൂര്‍ത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് വിട നല്‍കി കേരളം. ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ വി.എസിന്റെ സംസ്‌കാരം പൂര്‍ത്തിയായി.

പുന്നപ്ര വയലാര്‍ സമരസേനാനികളുടെ ഭൗതികശരീരങ്ങള്‍ സംസ്‌കരിച്ചിരിക്കുന്ന ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷമാണ് വി.എസിന്റെ ഭൗതികശരീരം സംസ്കരിച്ചത്.

റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന പൊതുദര്‍ശനത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് വി.എസിനെ അവസാനമായി കാണാനെത്തിയത്. രാഷ്ട്രീയഭേദമന്യേ ആലപ്പുഴയിലെത്തിയ ആയിരങ്ങള്‍ വി.എസിന് വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്നു.

മണിക്കൂറുകളോളം നീണ്ടുനിന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ഇടത് നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വി.എസിന് അന്ത്യാഭിവാദ്യങ്ങൾ അര്‍പ്പിച്ചു. ഒരു നൂറ്റാണ്ട് കാലത്തെ വിപ്ലവ ജീവിവിത്തതിനാണ് വി.എസിന്റെ മരണത്തിലൂടെ തിരശ്ചീല വീണിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 3.20ഓടെയായിരുന്നു വി.എസിന്റെ മരണം. കഴിഞ്ഞ ഒരു മാസക്കാലമായി അദ്ദേഹം തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒന്നിലധികം തവണ വി.എസിന്റെ ആരോഗ്യനിലയില്‍ ചെറിയ തോതിലുള്ള പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ ആരോഗ്യനില വീണ്ടും ഗുരുതരമായതോടെ മരണപ്പെടുകയായിരുന്നു. മരിക്കുമ്പോള്‍ 101 വയസായിയുരുന്നു വി.എസ്. അച്യുതാനന്ദന്റെ പ്രായം.

വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ 1923 ഒക്ടോബര്‍ 20ന് തിരുവിതാംകൂറിലെ ആലപ്പുഴയിലെ പുന്നപ്രയില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി ജനിച്ചു. നാല് വയസുള്ളപ്പോള്‍ അമ്മയെ നഷ്ടമായി. തുടര്‍ന്ന് 11 വയസില്‍ പിതാവിനെയും നഷ്ടപ്പെട്ടു. ഇതോടെ ഏഴാം ക്ലാസിന് ശേഷം അദ്ദേഹത്തിന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് 1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) അംഗമായി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം പൊതുരംഗത്ത് സജീവമായത്.

1957ല്‍ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1964 ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്തുപോയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിരുന്നു അദ്ദേഹം.

Content Highlight: Kerala bids farewell to VS Achuthanandhan, funeral complete

We use cookies to give you the best possible experience. Learn more