[] തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയ ഭരണസമിതിയെ നിയമിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഇടക്കാല ഉത്തരവ് സംസ്ഥാന സര്‍ക്കാറിനും തിരുവിതാംകൂര്‍ രാജകുടുംബത്തിനുമേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. രാജകുടുംബാംഗങ്ങളെ ഒഴിവാക്കി ഭരണസമിതിയെ നിയമിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നും വി.എസ് പറഞ്ഞു.
ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ കൊള്ളയടിച്ച രാജകുടുംബത്തിനും ഇതിന് ഒത്താശ ചെയ്ത സര്‍ക്കാരിനും വിധി കനത്ത പ്രഹരമാണ്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും ശരിവെക്കുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഭരണ സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് ഇതില്‍ കോടതിക്ക് ഇടപെടേണ്ടി വന്നത്. ഇത് ലജ്ജാകരമാണ്-വി.എസ് പറഞ്ഞു.
ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ കടത്തിയതില്‍ രാജകുടുംബവും ഇതിന് ഒത്താശ ചെയ്ത സര്‍ക്കാരും മാപ്പ് പറയണമെന്നും വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അമിക്കസ് ക്യൂറി രോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭരണസമിതിയെ നിയമിച്ചുകൊണ്ട് സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കിയത്.
കോടതി നിയമിച്ച അഞ്ചംഗ സമിതിയില്‍ തിരുവനന്തപുരം ജില്ലാ ജഡ്ജിയാണ് അധ്യക്ഷന്‍. ഗുരുവായൂര്‍ മുന്‍ ദേവസ്വം കമീഷണര്‍ സതീശ് കുമാര്‍ ഐ.എ.എസിനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും നിയമിച്ചു.
ജസ്റ്റിസുമാരായ ആര്‍.എന്‍ ലോധ, എ.കെ പഠ്‌നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി വിധിയുമായി മുന്നോട്ട് പോകുമെന്നും എന്നാല്‍ രാജകുംടുംബാംഗങ്ങളെ അവിശ്വസിച്ചുകൊണ്ടുള്ള നടപടി ശരിയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.