ആലപ്പുഴ: 79-ാമത് സ്വാതന്ത്ര്യദിനത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ഓര്‍ത്ത് മകന്‍ വി.എ. അരുണ്‍കുമാര്‍. ഇന്ന് (വെള്ളി) ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസമാണെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിച്ച വി.എസ്, സഹന സമര വീഥികളിലൂടെ ജനകീയ പ്രക്ഷോഭം മുതല്‍ രക്തരൂക്ഷിതമായ പുന്നപ്ര-വയലാര്‍ സമരങ്ങളടക്കമുള്ള ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.
‘കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും തൃണവല്‍ഗണിച്ച് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി എന്ന് ചരിത്രം രേഖപ്പെടുത്തിയ എന്റെ അച്ഛന്‍… ജനങ്ങളുടെ വിഎസ്,’ വി.എ. അരുണ്‍കുമാര്‍ കുറിച്ചു.
സ്വാതന്ത്ര്യസമരത്തിന്റെ തീക്കാറ്റില്‍ ബ്രിട്ടീഷ് ഭരണകൂടവും നാട്ടുരാജാക്കന്മാരും അടിയറ പറഞ്ഞപ്പോള്‍, രാജ്യം സ്വതന്ത്രയായപ്പോള്‍ അച്ഛന്‍ തടവറയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ വീരസേനാനികളുടെയും ധീര രക്തസാക്ഷികളുടെയും ത്യാഗസ്മരണകള്‍ അലയൊലിതീര്‍ക്കുന്ന ഈ വേളയില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കനല്‍വഴികള്‍ നമുക്ക് ഓര്‍ക്കാമെന്നും അരുണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനം…
ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ മകന് അഭിമാനിക്കാവുന്ന ദിവസം.
1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ നിന്നാരംഭിച്ച്, സഹന സമര വീഥികളിലൂടെ, ജനകീയ പ്രക്ഷോഭം മുതല്‍ രക്തരൂക്ഷിതമായ പുന്നപ്ര-വയലാര്‍ സമരങ്ങളടക്കമുള്ള ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത്, കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും തൃണവല്‍ഗണിച്ച് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി എന്ന് ചരിത്രം രേഖപ്പെടുത്തിയ എന്റെ അച്ഛന്‍…ജനങ്ങളുടെ വിഎസ്.
സ്വാതന്ത്ര്യസമരത്തിന്റെ തീക്കാറ്റില്‍ ബ്രിട്ടീഷ് ഭരണകൂടവും നാട്ടു രാജാക്കന്മാരും അടിയറ പറഞ്ഞപ്പോള്‍, രാജ്യം സ്വതന്ത്രയായപ്പോള്‍ അച്ഛന്‍ തടവറയിലായിരുന്നു….
ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ വീരസേനാനികളുടെയും ധീര രക്തസാക്ഷികളുടെയും ത്യാഗ സ്മരണകള്‍ അലയൊലിതീര്‍ക്കുന്ന ഈ വേളയില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള കനല്‍വഴികള്‍ നമുക്ക് ഓര്‍ക്കാം.
ജയ് ഹിന്ദ്!!
2025 ജൂലൈ 21നാണ് വി.എസ്. അച്യുതാനന്ദന്‍ അന്തരിച്ചത്. ആരോഗ്യനില വഷളായതിനിടെ തുടര്‍ന്ന് ഒരു മാസത്തോളം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. വി.എസിന്റെ മരണത്തോടെ ഒരു നൂറ്റാണ്ട് കാലത്തെ വിപ്ലവ ജീവിവിത്തതിനാണ് തിരശ്ചീല വീണത്.
വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ്. അച്യുതാനന്ദന്‍ 1923 ഒക്ടോബര്‍ 20ന് തിരുവിതാംകൂറിലെ ആലപ്പുഴയിലെ പുന്നപ്രയില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി ജനിച്ചു. നാല് വയസുള്ളപ്പോള്‍ അമ്മയെ നഷ്ടമായി. തുടര്‍ന്ന് 11 വയസില്‍ പിതാവിനെയും നഷ്ടപ്പെട്ടു. ഇതോടെ ഏഴാം ക്ലാസിന് ശേഷം അദ്ദേഹത്തിന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.
ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നീട് 1940ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) അംഗമായി. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം പൊതുരംഗത്ത് സജീവമായത്.
1957ല്‍ സി.പി.ഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു. 1964 ല്‍ സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് പുറത്തുപോയപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിരുന്നു അദ്ദേഹം.
Content Highlight: V.A. Arunkumar remembered V.S. Achuthanandan on Independence Day