| Wednesday, 7th October 2015, 5:03 pm

എസ്.എന്‍.ഡി.പി മൈക്രോ ഫിനാന്‍സില്‍ വന്‍ അഴിമതി തെളിവുകളുമായി വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ വി.എസ് അച്ച്യുതാനന്ദന്‍ രംഗത്ത്. വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന അഴിമതിയും, കോഴ വാങ്ങലും, ട്രസ്റ്റിന്റെയും യോഗത്തിന്റെയും കീഴിലുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങളിലും, പ്രവേശനത്തിലും മാത്രം അവസാനിക്കുന്നതല്ലെന്നും എസ്.എന്‍.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൈക്രോ ഫിനാന്‍സ് ഇടപാടുകളില്‍ ഗുരുതരമായ അഴിമതിയും, പണം തട്ടിപ്പുമാണ് നടക്കുന്നതെന്നും വി.എസ് ആരോപിക്കുന്നു.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പ്പറേഷനില്‍ നിന്നും നടേശന്‍ 15 കോടി രൂപയും സംസ്ഥാനത്തെ ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്കില്‍ നിന്ന് 600 കോടിയോളം രൂപയും മൈക്രോ ഫൈനാന്‍സിന്റെ പേരില്‍ പാവപ്പെട്ട ഈഴവര്‍ക്ക് വായ്പ നല്‍കാനായി എടുത്തിട്ടുണ്ട്. കേവലം രണ്ട് ശതമാനം പലിശയ്ക്കാണ് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പണം നല്‍കിയത്.

എന്നാല്‍ എസ്.എന്‍.ഡി.പി യോഗം 12 ശതമാനം പലിശയ്ക്കാണ് ആളുകള്‍ക്ക് വായ്പ നില്‍കിയത്. കേവലം പത്ത് ശതമാനം ആളുകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ വായ്പ നല്‍കിയിട്ടുള്ളതെന്നും വ്യാജമായ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിക്കൊണ്ട് ഈ പണം സ്വകാര്യ ആവശ്യത്തിന് നടേശന്‍ തട്ടിയെടുത്തിരിക്കുകയാണെന്നും കോര്‍പറേഷനെ കബളിപ്പിച്ചിരിക്കുകയാണെന്നും വി.എസ് പ്രസ്താനയില്‍ ആരോപിക്കുന്നു.

ഇതുസംബന്ധിച്ച് സി.എം.ഡി (സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്) നടത്തിയ പദ്ധതി അവലോകന റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. ഇത് പരിശോധിക്കാന്‍ ചെന്ന ഉദ്യോഗസ്ഥര്‍ക്ക് കണക്കുകള്‍ നല്‍കാന്‍ തയ്യാറായില്ലെന്നും അവരെ തല്ലിയോടിക്കുകയായിരുന്നുവെന്നും വി.എസ് പറയുന്നു.

രണ്ടുശതമാനം പലിശയ്ക്ക് എടുത്ത പണം എസ്.എന്‍.ഡി.പി 12 ശതമാനം പലിശയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കിയിരിക്കുന്നതെന്ന് 2010 ഡിസംബര്‍ 15ന്  പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ നടത്തിയ പരിശോധനയിലും വ്യക്തമായതാണ്.

ഇത്രയൊക്കെ തെളിവുകളുണ്ടായിട്ടും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്ന്  യാതൊരു നടപടിയും എടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വായ്പ തട്ടിയത് സംബന്ധിച്ച് ഉപഭോക്താക്കളില്‍ പലരും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയും, ആഭ്യന്തരമന്ത്രിയും പിടിച്ചുവെച്ചിരിക്കുകയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. അതിനായി സി.ബി.ഐയെ ഈ അന്വേഷണം ഏല്‍പ്പിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പട്ടെ വി.എസ് സര്‍ക്കാര്‍ ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ നിയമപരമായ നടപടിക്ക് ഞാന്‍ മുന്‍കൈ എടുക്കുമെന്നും വി.എസ് വ്യക്തമാക്കി.

അടുത്തപേജില്‍ തുടരുന്നു


























We use cookies to give you the best possible experience. Learn more