| Sunday, 30th December 2018, 5:28 pm

കാനം ഇപ്പോഴും സി.പി.ഐയിലാണെന്ന ധാരണ എനിക്കുണ്ട്; ഞാന്‍ വനിതാമതിലിന് എതിരാണെന്ന ധാരണ തെറ്റ്: വി.എസ് അച്യുതാനന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: താന്‍ വനിതാ മതിലിന് എതിരാണെന്ന ധാരണ തെറ്റാണെന്ന് വി.എസ്. അച്യുതാനന്ദന്‍. തന്റെ പ്രസ്താവന മതിലിന് എതിരാണെന്ന കാനം തെറ്റിദ്ധരിച്ചു എന്നും വി.എസ് വ്യക്തമാക്കി.

നേരത്തെ വനിതാ മതിലില്‍ വി.എസ് .അച്യുതാനന്ദന്റെ നിലപാടിനെ ചോദ്യം ചെയ്ത് കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് വി.എസിന്റെ പ്രതികരണം.കാനം ഇപ്പോഴും സി.പി.ഐയിലാണെന്ന ധാരണ എനിക്കുണ്ട്് എന്നും വി.എസ്. വ്യക്തമാക്കി.

Also Read: “”50 ലക്ഷം എന്റെ അച്ഛന്റെ ജീവന്റെ വിലയാണോ””; യോഗി ആദിത്യനാഥിനോട് ചോദ്യവുമായി ഗാസിപൂരില്‍ കൊല്ലപ്പെട്ട പൊലീസുദ്യോഗസ്ഥന്റെ മകന്‍

ഒരു പക്ഷേ, വര്‍ഗസമരത്തെക്കുറിച്ചും വിപ്ലവ പരിപാടിയെക്കുറിച്ചുമൊക്കെ താന്‍ പറഞ്ഞത് വനിതാമതിലിനെക്കുറിച്ചാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതാവാം. ഇക്കഴിഞ്ഞ മാസങ്ങളില്‍, സ്ത്രീസമത്വത്തേയും ശബരിമലയിലെ സ്ത്രീപ്രവേശനത്തേയും ശക്തമായി പിന്തുണയ്ക്കുന്ന കാര്യത്തില്‍ അദ്ദേഹം അല്‍പ്പം പിന്നിലായിപ്പോയത് മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായിരുന്നതുകൊണ്ടാവാം.

തന്റെ പ്രസ്താവനകളും പ്രസംഗങ്ങളും വനിതാ മതിലിനെതിരാണെന്ന ധാരണ അദ്ദേഹത്തിനുണ്ടായിട്ടുണ്ടെങ്കില്‍, അത് പിശകാണെന്ന് പറയേണ്ടിയിരിക്കുന്നു. വര്‍ഗീയ ഫാസിസ്റ്റുകളുടെയും സവര്‍ണ മാടമ്പിമാരുടെയും പുരുഷാധിപത്യ ചവിട്ടടിയില്‍ നില്‍ക്കേണ്ടവരല്ല, സ്ത്രീകള്‍ എന്ന് സധൈര്യം സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് അവര്‍ മതില്‍ തീര്‍ക്കുന്നത്.

“തന്റെ നിലപാടുകളെക്കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് ഒരു ചുക്കും അറിയില്ലെന്ന് അദ്ദേഹം ഇന്നും വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും, സി.പി.ഐ.എമ്മിന്റെ നിലപാടുകളെക്കുറിച്ച് കാനം രാജേന്ദ്രന് വ്യക്തതയുണ്ടെന്നത് സന്തോഷകരവുമാണ്”വിഎസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more