തൊട്ടതെല്ലാം ഹിറ്റാക്കി ഈ വര്‍ഷം സ്വന്തം പേരിലാക്കാന്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന് സാധിച്ചു. നായകനായ സിനിമകളില്‍ രണ്ടെണ്ണം 200 കോടിയിലേറെ കളക്ഷന്‍ നേടുകയും പിന്നാലെയെത്തിയ ഹൃദയപൂര്‍വം 75 കോടിയും സ്വന്തമാക്കി. റീ റിലീസുകളിലൂടെയും മോഹന്‍ലാല്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. ഒപ്പം ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും മോഹന്‍ലാല്‍ സ്വന്തമാക്കി.
ഈ വര്‍ഷം മറ്റൊരു ചിത്രവുമായി മോഹന്‍ലാല്‍ എത്തുകയാണ്. തെലുങ്കില്‍ ഒരുങ്ങിയ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുമായാണ് ക്രിസ്മസ് ദിനത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആരാധകരില്‍ നിന്ന് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചത്.
എന്നാല്‍ രണ്ട് ദിവസമായിട്ടും പ്രീ സെയിലില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ വൃഷഭക്ക് സാധിച്ചിട്ടില്ല. ഇതുവരെ വെറും 58 ലക്ഷമാണ് ചിത്രം പ്രീ സെയിലിലൂടെ നേടിയത്. കേരളത്തില്‍ ഇതുവരെ 20 ലക്ഷം പോലും ചിത്രം നേടിയിട്ടില്ല. ആരാധകര്‍ക്ക് പോലും പ്രതീക്ഷയില്ലാത്ത വൃഷഭ ബോക്‌സ് ഓഫീസില്‍ എത്രമാത്രം തിളങ്ങുമെന്നാണ് പലരും കണക്കുകൂട്ടുന്നത്.
70 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. 2022ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഈ വര്‍ഷമാണ് ഷൂട്ട് പൂര്‍ത്തിയാക്കിയത്. മെയില്‍ റിലീസ് പ്രഖ്യാപിക്കുമെന്നറിയിച്ച ചിത്രം നീണ്ടുപോവുകയായിരുന്നു. ദീപാവലിക്ക് പുറത്തിറങ്ങുമെന്നറിയിച്ചെങ്കിലും വീണ്ടും റിലീസ് നീളുകയായിരുന്നു. ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും തരക്കേടില്ലാത്ത പ്രതികരണം ലഭിക്കുകയും ചെയ്തു.
രണ്ട് കാലഘട്ടങ്ങളിലായാണ് വൃഷഭയുടെ കഥ നടക്കുന്നത്. രാജാ വിജയേന്ദ്ര വൃഷഭയായും ആദി ശേഖര വര്‍മയുമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. തെലുങ്ക് യുവതാരം സമര്‍ജിത് ലങ്കേഷും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാഗിണി ദ്വിവേദി, നേഹ സക്‌സേന, അജയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
സാം സി.എസ്സാണ് ചിത്രത്തിന്റെ സംഗീതം. മൂന്ന് വ്യത്യസ്ത പ്രൊഡക്ഷന്‍ കമ്പനികളാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായെത്തുന്ന വൃഷഭ ആരാധകര്‍ക്കും ചെറിയൊരു നിരാശ സമ്മാനിക്കുന്നുണ്ട്. ഈ വര്‍ഷം എല്ലാ സിനിമകളും മികച്ചതാക്കിയ മോഹന്‍ലാലിന് ഡിസംബറില്‍ അത്രകണ്ട് നല്ല സ്ഥിതിയല്ല. അതിഥിവേഷം ചെയ്ത ഭ ഭ ബയും ബോക്‌സ് ഓഫീസില്‍ പരാജയത്തിലേക്കാണ് കുതിക്കുന്നത്.
Content Highlight: Vrushabha movie pre sales not crossed one crore