ന്യൂദൽഹി: ഇറാനിലെയും യുക്രെയ്‌നിലെയും യുദ്ധങ്ങളും ആഗോള സാമ്പത്തിക വെല്ലുവിളികളും പ്രധാന ചർച്ചാവിഷയങ്ങളാകുമെന്ന് കരുതപ്പെടുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വെള്ളിയാഴ്ച ന്യൂദൽഹിയിലെത്തി.
പാലം എയർ ഫോഴ്‌സ് സ്റ്റേഷനിലെത്തിയ പുടിനെ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് സ്വീകരിച്ചു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോകനേതാക്കളെ സ്വാഗതം ചെയ്യുന്നതിനായി നഗരത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായി ആരംഭിച്ച ബ്രിക്സ്, പിന്നീട് ഇറാൻ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കുകയായിരുന്നു.
ഗൾഫ് മേഖലയിലെ യുദ്ധവും സംഘർഷവും ഇത്തവണ അംഗരാജ്യങ്ങൾക്കിടയിൽ വലിയ അഭിപ്രായവ്യത്യാസം ഉണ്ടാക്കുമെന്ന് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ വിദഗ്ദ്ധൻ ഹർഷ് വി. പന്ത് വ്യക്തമാക്കി. അംഗരാജ്യങ്ങൾക്ക് വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ ഉള്ളതിനാൽ പൊതുവായ തീരുമാനങ്ങളിലെത്തുന്നത് സങ്കീർണമാണ്.
കഴിഞ്ഞ വർഷം വരെ നേട്ടമായി കണ്ടിരുന്ന സംഘടനയുടെ വിപുലീകരണം ഇപ്പോൾ ഒരു പരിമിതിയായി മാറുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റായി അധികാരമേറ്റ ശേഷം പെസെഷ്കിയാൻ നടത്തുന്ന ആദ്യ ഇന്ത്യൻ സന്ദർശനം കൂടിയാണിത്. അതിനാൽ ഇറാൻ നേരിടുന്ന യുദ്ധസാഹചര്യങ്ങൾ ചർച്ചകളിൽ മുൻപന്തിയിലുണ്ടാകും.എട്ട് വർഷത്തിന് ശേഷമാണ് ഒരു ഇറാൻ പ്രസിഡന്റ് ഇന്ത്യ സന്ദർശിക്കുന്നത്.
ഇറാനുമായും ഇസ്രഈലുമായും സന്തുലിത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇന്ത്യ, അമേരിക്കയുമായുള്ള ബന്ധത്തിലും കൃത്യമായ ബാലൻസ് നിലനിർത്താനാണ് ശ്രമിക്കുന്നത്.
ഇറാനെതിരായ യുദ്ധം സൃഷ്ടിച്ച ഊർജ പ്രതിസന്ധിയെ ഇന്ത്യ നേരിട്ടത് റഷ്യയെ ആശ്രയിച്ചുകൊണ്ടാണ്. യുക്രെയ്ൻ യുദ്ധത്തിനിടയിലെ റഷ്യൻ ഇന്ധന ഇറക്കുമതി വിവാദമായിരുന്നുവെങ്കിലും ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി റഷ്യ തുടരുന്നു.
2025 ഡിസംബറിലാണ് പുടിൻ ഒടുവിൽ ഇന്ത്യയിലെത്തിയത്. കൂടാതെ ഈ മാസം കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിലും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു.
2019-ന് ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്. അതിർത്തി തർക്കങ്ങളെ തുടർന്ന് വഷളായ ഉഭയകക്ഷി ബന്ധം വിമാന സർവീസുകൾ, വിസാ സൗകര്യങ്ങൾ, ഉന്നതതല ചർച്ചകൾ എന്നിവ പുനരാരംഭിച്ചതിലൂടെ പതുക്കെ മെച്ചപ്പെട്ടുവരികയാണ്.
എങ്കിലും, തർക്കത്തിലുള്ള ഹിമാലയൻ അതിർത്തി, വർധിച്ചുവരുന്ന വ്യാപാരക്കമ്മി, തന്ത്രപ്രധാനമായ ആഗോള മത്സരം എന്നിവ കാരണം ഇരുരാജ്യങ്ങൾക്കുമിടയിൽ ആഴത്തിലുള്ള അവിശ്വാസം ഇപ്പോഴും സങ്കീർണമായി തുടരുന്നു.
Content Highlight:Putin arrives in India for the BRICS Summit, where Iran and Ukraine wars are likely to be discussed.