2026 ലോകകപ്പ് ആവേശം ലോകമെമ്പാടും ആരവങ്ങള്‍ തീര്‍ക്കുമ്പോള്‍ ആരാധകരുടെ മനസ് കീഴടക്കുകയാണ് പല കുഞ്ഞന്‍ രാജ്യങ്ങളും. വമ്പന്‍ ടീമുകളുടെ ഗോളടിമേളത്തിന് ഇരയായേക്കാവുന്ന ടീമുകളെന്ന് പലരും വിധിയെഴുതിയവര്‍ ഇന്ന് ചരിത്രത്തില്‍ തങ്ങളുടെ പേരുകള്‍ തങ്ക ലിപികളാല്‍ എഴുതി ചേര്‍ക്കുന്ന കാഴ്ചയ്ക്കാണ് ഫുട്‌ബോള്‍ ലോകം സാക്ഷിയാവുന്നത്.
കേവലം ടീമുകള്‍ മാത്രമല്ല ഇങ്ങനെ ലോകഫുട്‌ബോള്‍ ഭൂപടത്തില്‍ തങ്ങളെ അടയാളപ്പെടുത്തിയത്, മറിച്ച് ഒരു പറ്റം താരങ്ങള്‍ കൂടിയാണ്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് കാല്‍പന്ത് പ്രേമികള്‍ക്ക് അപരിചിതരാവര്‍ ഇന്ന് അവരുടെ പ്രിയപ്പെട്ടവരുടെ പേരുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്.
വൊസീഞ്ഞ
അതില്‍ മുന്‍പന്തിയിലുള്ളത് ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും കുഞ്ഞന്‍ രാജ്യമെന്ന ഖ്യാതിയുമായി അരങ്ങേറിയ കേപ്പ് വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയാണ്. ഇന്ന് ഒട്ടും പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ഒരാള്‍. വിശ്വവേദിയിലെ തന്റെയും ടീമിന്റെയും ആദ്യ മത്സരത്തില്‍ കരുത്തരായ സ്‌പെയിനിനെ വിറപ്പിച്ച് നിര്‍ത്തി അയാള്‍.
വൊസീഞ്ഞ.
അന്ന് ആരാധകരെ വിസ്മയിപ്പിച്ച് ആ 40കാരന്‍ ഒരു പതര്‍ച്ചയുമില്ലാതെ തന്റെ ടീമിന്റെ വല കാത്തു. വെര്‍ദെയുടെ പോസ്റ്റ് ലക്ഷ്യമിട്ട് സ്‌പെയിന്‍ തൊടുത്ത എട്ട് ഷോട്ടുകളെയാണ് വൊസീഞ്ഞ തട്ടിയകറ്റിയത്. അവസാന നിമിഷം വരെ അയാള്‍ വന്മതിലായി നിന്ന് ഒറ്റ ഗോള്‍ പോലും വഴങ്ങാതെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് പട്ടവും അയാള്‍ സ്വന്തമാക്കി. ഒപ്പം ആരാധകരുടെ മനസും കീഴടക്കി.
അങ്ങനെ കാല്‍പന്ത് പ്രേമികളുടെ മനസിലേക്ക് ഇടിച്ചുകയറിയ രണ്ടാമനാണ് കുറസാവോയുടെ വല കാക്കുന്ന എലോയ് റൂം. ആദ്യ മത്സരത്തില്‍ ജര്‍മനിയുടെ ഗോള്‍ മഴയില്‍ പതറിയ അയാള്‍ രണ്ടാം മത്സരത്തില്‍ നടത്തിയത് ഉഗ്രന്‍ തിരിച്ചുവരവാണ്. ഏഴ് ഗോളുകള്‍ വഴങ്ങുക എന്നത് ലോകോത്തര താരങ്ങളെ പോലും തകര്‍ത്തുകളയുന്നതാണ്.
എലോയ് റൂം.
എന്നാല്‍, അയാള്‍ തന്റെ ആത്മവിശ്വാസം വീണ്ടെടുത്ത് ഇക്വഡോറിന് മുന്നില്‍ നെഞ്ച് വിരിച്ചുനിന്നു. മത്സരത്തിലെ 90 മിനിട്ടുകളില്‍ റൂം നടത്തിയത് 15 സേവുകളാണ്. നിശ്ചിത സമയത്ത് ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തുന്ന ചരിത്രം നേടിയതിനൊപ്പം ഫുട്ബാള്‍ പ്രേമികളുടെ മനസിലും പിടിച്ചു.
ഇവര്‍ക്കൊപ്പം തന്നെ എടുത്തുപറയേണ്ട ഒരാള്‍ യുദ്ധത്തിന്റെ നിഴലില്‍ നിന്ന് ലോകവേദിയില്‍ പന്തുതട്ടാനെത്തിയ ഇറാന്റെ പടയാളി അലിറേസ ബെയ്റന്‍വാണ്ടാണ്. അമേരിക്കയുടെ സ്വച്ഛാധിപത്യ നിലപാടുകളും വിവേചനപരമായ നടപടികളെയും അതിജീവിച്ചാണ് താരവും ഇറാന്‍ ടീമും ഓരോ മത്സരത്തിലും ഇറങ്ങിയത്.
അലിറേസ ബെയ്റന്‍വാണ്ട്.
ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും അലിറേസ മിന്നും പ്രകടനമാണ് നടത്തിയത്. ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെതിരെ രണ്ട് ഗോള്‍ വഴങ്ങിയെങ്കിലും ആറ് സേവുകളാണ് നടത്തിയത്. രണ്ടാം മത്സരത്തിലും താരം തന്റെ മികവ് ആവര്‍ത്തിച്ചു.
ശക്തരായ ബെല്‍ജിയം എതിരാളികളായെത്തിയപ്പോള്‍ ഒരു പന്തുപോലും തന്റെ വലയിലെത്താന്‍ അയാള്‍ അനുവദിച്ചില്ല. മാത്രമല്ല, തനിക്ക് നേരെ വന്ന ഏഴ് ഷോട്ടുകളാണ് അലിറേസ തട്ടിയകറ്റിയത്. അമേരിക്കയിലെ മത്സരങ്ങള്‍ക്ക് മണിക്കൂറുകള്‍ യാത്ര ചെയ്തെത്തി, കളി അവസാനിച്ചയുടനെ മെക്‌സിക്കോയിലേക്ക് തന്നെ മടങ്ങിയാണ് അലിറേസ തന്റെ പ്രകടനങ്ങള്‍ നടത്തിയതെന്നും എന്നതും എടുത്തുപറയേണ്ടതാണ്.
അലിറേസ ബെയ്റന്‍വാണ്ട്.
വമ്പന്‍ താരങ്ങളുടെ പ്രകടനങ്ങള്‍ പ്രതീക്ഷിച്ച് കളി കാണാനെത്തിയവരുടെ മനസ് നിറക്കുകയാണ് ഈ മൂന്ന് പേരും. ഒട്ടും പ്രശസ്തിയില്ലാതെ വിശ്വവേദിയില്‍ എത്തിയവര്‍ ഇന്ന് ആരാധക വൃന്ദവുമായാണ് തങ്ങളുടെ നാട്ടിലേക്ക് മടങ്ങുന്നത്.
Content Highlight: Vozinha, Eloy Room, Alireza Beiranvand; The Goal Keepers who came unannounced into FIFA World Cup 2026 and became heroes