ന്യൂദല്‍ഹി: പോളിങ് സ്‌റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിങ് സ്‌റ്റേഷനുകളിലെ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് വോട്ടര്‍മാരുടെ സ്വീകാര്യതയെ ബാധിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നാരോപിച്ച് വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്‍ ഉത്തരവിറക്കിയത്.
ദൃശ്യങ്ങള്‍ പുറത്ത് വിട്ടാല്‍ വോട്ടര്‍മാരെ വ്യക്തികള്‍ക്കോ പാര്‍ട്ടികള്‍ക്കോ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും ഇത് വോട്ടര്‍മാര്‍ക്കെതിരെ ഭീഷണി ഉള്‍പ്പെടെ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്നും കമ്മീഷന്‍ പറഞ്ഞു.
ദൃശ്യങ്ങള്‍ പുറത്ത് വിടുന്നത് സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്കും 1950,51ലെ നിയമത്തിന് വിരുദ്ധമാണെന്നും കമ്മീഷന്‍ പറഞ്ഞു. ഫലം വന്ന് 45 ദിവസത്തിന് ശേഷം ദൃശ്യങ്ങള്‍ നശിപ്പിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഈ സമയപരിധിക്കുള്ളില്‍ നല്‍കുന്ന ഹരജികളില്‍ ദൃശ്യം കോടതിയില്‍ ഹാജരാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് വിധിയെ കോടതി ചോദ്യം ചെയ്തില്ലെങ്കില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചു.
നേരത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ പരിശോധിക്കുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തിരുന്നു. ഡിസംബറിലാണ് തെരഞ്ഞെടുപ്പ് നിയമത്തില്‍ ഭേദഗതി ചെയ്തത്.
Content Highlight: Voters’ privacy will be lost; Election Commission will not share visuals from polling stations