| Friday, 24th April 2026, 9:44 am

വോട്ടർപട്ടികയിൽ കത്രിക വെയ്പ്പ്; വോട്ടെടുപ്പ് ദിനത്തിൽ വിജനമായി ബംഗാളിലെ മൊതബാരി ഗ്രാമം

മുഹമ്മദ് നബീല്‍

കൊൽക്കത്ത: ജനാധിപത്യത്തിന്റെ ഉത്സവമെന്നാണ് തെരഞ്ഞെടുപ്പുകൾ പൊതുവിൽ അറിയപ്പെടുന്നത്. വോട്ടെടുപ്പ് തുടങ്ങുന്നതുമുതൽ പോളിങ് ബൂത്തിലേക്കുള്ള ഓട്ടത്തിലായിരിക്കും വോട്ടർമാരെല്ലാം.

എന്നാൽ വോട്ടെടുപ്പ് ദിവസം വിജനമായ ഒരു ഗ്രാമമുണ്ട് ബംഗാളിൽ, വോട്ടെടുപ്പ് ദിനത്തിൽ സ്വന്തം വീട്ടിൽ നിന്നുപോലും പുറത്തിറങ്ങാത്ത ഇവർക്ക് ഇത്തവണത്തെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമല്ല മറിച്ച് ജനാധിപത്യത്തിന്റെ ഇരുണ്ട അധ്യായമാണ്.

വോട്ടർപട്ടികയിൽ നിന്നും ആയിരത്തിലധികംപേരെ വെട്ടിമാറ്റിയ ഈ ഗ്രാമം മാൽഡ ജില്ലയിലെ മൊതബാരിയാണ്. എസ്‌.ഐ.ആർ പ്രവർത്തനങ്ങൾക്കെത്തിയ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ തടഞ്ഞതിന് കഴിഞ്ഞ ആഴ്ചകളിൽ വാർത്തകളിൽ നിറഞ്ഞ അതേ ഗ്രാമമാണിത്.

ഈ സംഭവങ്ങൾക്ക് ശേഷം കടുത്ത ഭരണകൂട വേട്ടയാടലുകളാണ് ഗ്രാമവാസികൾ അനുഭവിക്കേണ്ടിവന്നത്. എൻ.ഐ.എ അന്വേഷണം, അറസ്റ്റുകൾ, കേന്ദ്ര സേനയുടെ അനാവശ്യ ഇടപെടലുകൾ, രാഷ്ട്രീയമായ ഒറ്റപ്പെടുത്തൽ അങ്ങനെ തുടരുന്നു അവർക്കുനേരെയുള്ള കടന്നുകയറ്റം.

മതിയായ രേഖകളുണ്ടായിട്ടും വോട്ടർപട്ടികയിൽ നിന്നും പേരുവെട്ടിയ നിരവധിപേരുണ്ട് ഈ ഗ്രാമത്തിൽ.

‘എല്ലാ രേഖകളും സമർപ്പിച്ചു, എന്നിട്ടും എനിക്കും എന്റെ കുടുംബത്തിലെ രണ്ടുപേർക്കും വോട്ടുനഷ്ടമായി. ഇതാണോ ജനാധിപത്യം?,’ മാതുർ റഹ്‌മാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

‘എനിക്ക് കുറ്റബോധമുണ്ട്, എനിക്കും എന്റെ മകനും വോട്ട് ചെയ്യാൻ കഴിഞ്ഞു എന്നാൽ എന്റെ കുടുംബത്തിലെ നിരവധിപേർക്ക് കഴിഞ്ഞില്ല, നമുക്ക് എങ്ങനെ സന്തോഷിക്കാനാകും,’ സമിയുൾ അഹമ്മദ് പറഞ്ഞു.

തന്റെ പേരുവെട്ടിയതിന്റെ കാരണം ഇതുവരെ പിടികിട്ടാത്ത ദിലീപ് ഇത് ജനാധിപത്യത്തിന് ഒരു കറുത്ത ദിനമാണ് എന്ന് പറഞ്ഞു.

സാധാരണ വലിയ ജനത്തിരക്കുണ്ടാവാറുള്ള പോളിങ് ബൂത്തുകൾ ഇത്തവണ വിജനമായിരുന്നു. വോട്ടെടുപ്പ് തുടങ്ങി ആദ്യ രണ്ട് മണിക്കൂറിന് ശേഷം ബൂത്തുകൾ പൂർണമായും വിജനമായികിടന്നു.

ഒരു ബൂത്തിൽ എസ്‌.ഐ.ആറിന് ശേഷം വോട്ടർമാരുടെ എണ്ണം 1116 ൽ നിന്നും 592 ആയി കുറഞ്ഞു. മറ്റൊന്നിൽ 1055 ൽ നിന്നും 577 ലേക്ക് ചുരുങ്ങി. വോട്ടുകൾ വെട്ടിയതോടെ മൊതബാരിയിൽ ഇത്തവണ 92 . 3 ശതമാനം പോളിങ് രേഖപ്പെടുത്തി.

Content Highlight:Voter list tampered with; Motabari village in Bengal deserted on polling day

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more