ന്യൂദല്‍ഹി: ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയാന്‍ ആധാറിന് പകരം വോട്ടര്‍ ഐ.ഡി നമ്പറുകളും ബയോമെട്രിക് പരിശോധനയും ഉപയോഗിക്കുമെന്ന കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ സിങ്ങിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഇത് അതീവ അപകടകരമായ ഗൂഢനീക്കമാണെന്നും ആളുകള്‍ ഇതിന്റെ ഗൗരവം മനസിലാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ജനാധിപത്യം ഹൈജാക്ക് ചെയ്യാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. എസ്.ഐ.ആറിന്റെ പേരില്‍ ലക്ഷക്കണക്കിന് ആളുകളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇത് തടഞ്ഞില്ലെങ്കില്‍ ഇനിയും കൂടുതല്‍ പേരുകള്‍ പട്ടികയില്‍നിന്ന് പുറത്താകുമെന്നും അദ്ദേഹം പറഞ്ഞു.
‘ആരുടെയൊക്കെ പേരുകളാണ് കൂടുതലായി നീക്കം ചെയ്യപ്പെടുന്നത്? ബി.ജെ.പിയോട് അതൃപ്തിയുള്ളവരുടേത്. വോട്ടര്‍പട്ടികയുടെ നിയന്ത്രണം നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കൈകളിലായിരിക്കണം. എന്നാല്‍ ഇപ്പോള്‍ അത് മോദി സര്‍ക്കാരിന്റെ ജീവനക്കാരനായ ഗ്യാനേഷ് കുമാറിന്റെ കൈകളിലാണ്. വോട്ട് മോഷണത്തില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് തെളിവുകളോടെ ഞങ്ങള്‍ അദ്ദേഹത്തെ കൈയോടെ പിടികൂടിയിട്ടുണ്ട്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ബി.ജെ.പിക്ക് എപ്പോഴും ഭൂരിപക്ഷം ഉറപ്പാക്കുന്ന തരത്തിലുള്ള ഒരു വോട്ടര്‍പട്ടികയാണ് അവര്‍ തയ്യാറാക്കുന്നതെന്നും ഇനി അതേ പട്ടികയായിരിക്കും നിങ്ങള്‍ക്ക് ക്ഷേമപദ്ധതികളുടെ ആനുകൂല്യമായി പണം ലഭിക്കുമോ എന്ന് തീരുമാനിക്കുന്നതെന്നും രാഹുല്‍ മുന്നറിയിപ്പ് നല്കി.
‘ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്ന് ഇന്നലെ തീരുമാനിച്ചവരുടെ പേരുകള്‍ ഓരോന്നായി വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെടും. പേര് വെട്ടിമാറ്റിയാല്‍ വോട്ട് നഷ്ടപ്പെടും. വോട്ട് നഷ്ടപ്പെട്ടാല്‍ അവകാശങ്ങളും നഷ്ടപ്പെടും,’ കുറിപ്പില്‍ പറയുന്നു.
ആളുകള്‍ തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെട്ട ഒരു സംവിധാനത്തിലെ അദൃശ്യ പൗരനായി അവര്‍ മാറുമെന്ന് രാഹുല്‍ മുന്നറിയിപ്പ് നല്കി. ജനങ്ങള്‍ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നതിന് പകരം, സര്‍ക്കാര്‍ തങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളെ തെരഞ്ഞെടുക്കുന്ന രീതിയിലേക്ക് മാറുമെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
‘ഇന്ന് പഞ്ചായത്തീരാജ് പദ്ധതികള്‍. നാളെ റേഷന്‍? പെന്ഷന്? മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്.ഇ.ജി.എ)? ഭവനപദ്ധതികള്‍? സ്കോളര്‍ഷിപ്പുകള്‍? സംവരണം? ഇത് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനുള്ള രാഷ്ട്രീയമല്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും അധികാരത്തില്‍ സ്ഥിരമായി തുടരാനുമുള്ള സംവിധാനമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
വോട്ട് ചെയ്യുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും അത് ഒരു നിബന്ധനയല്ലെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി ഒരു പാവപ്പെട്ടവയാളുടെ പെന്ഷന് അയാളുടെ വോട്ടര്‍ കാര്‍ഡിന്റെ പേരില്‍ തടഞ്ഞുവെക്കാനാവില്ലെന്ന് കൂട്ടിച്ചേര്‍ത്തു.
ഇത് വെറും വോട്ട് മോഷണമല്ലെന്നും അവകാശങ്ങള്‍ കവര്‍ന്നെടുക്കലാണെന്നും ഇത് സംഭവിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് രാഹുല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ നിന്നും ക്ഷേമ ആനുകൂല്യങ്ങളില്‍ നിന്നും അകറ്റി രണ്ടാംകിട പൗരന്മാരാക്കി മാറ്റാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര വ്യാഴാഴ്ച പറഞ്ഞിരുന്നു.
Content Highlight: Voter ID instead of Aadhaar: Rahul Gandhi calls it an attempt to hijack democracy.