| Sunday, 31st August 2025, 11:38 am

ഓരോ വോട്ടര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും; പേപ്പര്‍ ബാലറ്റ് മാത്രം ഉപയോഗിക്കും: ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഓരോ വോട്ടര്‍മാര്‍ക്കും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ഉത്തരവിറക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

രേഖപ്പെടുത്തുന്ന ഓരോ വോട്ടിലും വോട്ടര്‍ ഐഡി നിര്‍ബന്ധമായിരിക്കണം. ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല, അതിനായി ഒരു എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കുമെന്നും, തെരഞ്ഞെടുപ്പിന് പേപ്പര്‍ ബാലറ്റ് മാത്രം ഉപയോഗിക്കും എന്നുമാണ് ട്രംപ് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചത്.

കൂടാതെ, കിടപ്പുരോഗികളും ദൂരെ ജോലി ചെയ്യുന്ന സൈനികരും ഒഴികെയുള്ള ആര്‍ക്കും തന്നെ തപാല്‍ വോട്ടിനുള്ള അവകാശമുണ്ടായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു. യു.എസിലെ തെരഞ്ഞെടുപ്പ് സംവിധാനം കുറ്റമറ്റതാക്കാനുള്ള നീക്കമാണിതെന്നാണ് ട്രംപിന്റെ വിശദീകരണം.

2026ല്‍ വരാനിരിക്കുന്ന അര്‍ധവാര്‍ഷിക തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ പൂര്‍ണമായി ഒഴിവാക്കുമെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കില്ലെന്നും മുമ്പ് ട്രംപ് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ വര്‍ഷങ്ങളായി സംശയം ഉന്നയിക്കുന്ന ട്രംപ്, പഴയരീതിയിലുള്ള പേപ്പര്‍ ബാലറ്റ് വോട്ടിങ് രീതിയിലേക്ക് മാറണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, യു.എസ് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് നിശ്ചിത മാതൃകയിലുള്ള വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ നിര്‍ബന്ധമല്ല. ഓരോ സംസ്ഥാനങ്ങളിലും നിയമം വ്യത്യസ്തമാണ്.

36 സംസ്ഥാനങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. ഇതില്‍ 25 സംസ്ഥാനങ്ങളില്‍ ഫോട്ടോ ഉള്‍പ്പെട്ട ഐ.ഡി കാര്‍ഡുകള്‍ തന്നെ വേണമെന്നാണ് നിയമം.

എന്നാല്‍ 11 സംസ്ഥാനങ്ങളുടെ നയപ്രകാരം ഫോട്ടോ ഐ.ഡി കാര്‍ഡുകള്‍ വേണമെന്നില്ല. യു.എസിലെ 14 സംസ്ഥാനങ്ങളില്‍ നേരിട്ട് രേഖപ്പെടുത്തുന്ന വോട്ടുകള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വേണ്ടെന്നതും ശ്രദ്ധേയമാണ്.

2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായിരുന്ന ജോ ബൈഡനോട് പരാജയപ്പെട്ടതോടെ യു.എസിലെ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ പിഴവുകള്‍ ആരോപിച്ച് ട്രംപ് മുമ്പും രംഗത്തെത്തിയിരുന്നു.

അമേരിക്കന്‍ പൗരന്മാരല്ലാത്ത നിരവധിപേര്‍ വോട്ട് ചെയ്തതാണ് അന്ന് ട്രംപിന്റെ പരാജയത്തിന് വഴിയൊരുക്കിയതെന്നാണ് റിപബ്ലിക്കുകള്‍ ആരോപിച്ചത്.

എന്നാല്‍ വ്യാജവോട്ടുകള്‍ യു.എസില്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് റിപബ്ലിക്കുകളുടെ ആരോപണത്തെ എതിര്‍ത്തുകൊണ്ട് ഉയരുന്ന വാദം.

Content Highlight: Voter ID card will be made mandatory for every voter: US President Trump

We use cookies to give you the best possible experience. Learn more