| Friday, 18th September 2026, 12:14 pm

വോട്ട് മോഷണം, സര്‍ക്കാര്‍ മോഷണം, ഇപ്പോള്‍ പാര്‍ട്ടി മോഷണവും: തൃണമൂലിന്റെ പേരും ചിഹ്നവും മരവിപ്പിച്ചതില്‍ രാഹുല്‍ ഗാന്ധി

നിഷാന. വി.വി

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് മോഷണം, സര്‍ക്കാര്‍ മോഷണം, ഇപ്പോള്‍ പാര്‍ട്ടി മോഷണം എന്നായിരുന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ എടുത്തുകളയുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ പോരാട്ടം മമത ബാനര്‍ജിയുടേത് മാത്രമല്ലെന്നും സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെയും ഓരോ വോട്ടര്‍മാരുടെയും പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘ ജനവിധി സംരക്ഷിക്കുക എന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം. എന്നാല്‍ ജനങ്ങളുടെ വിധിയെ അട്ടിമറിക്കുന്ന ശക്തികളെയാണ് അവര്‍ സംരക്ഷിക്കുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും ഉപയോഗിക്കുന്നതിന് മമത ബാനര്‍ജി നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനും ഋതബ്രത ബാനര്‍ജി നയിക്കുന്ന വിമത വിഭാഗത്തിനും വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

പാര്‍ട്ടിയുടെ അവകാശത്തര്‍ക്കത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടക്കാല ഉത്തരവിറക്കിയത്. പുതിയ പേരും ചിഹ്നവും തെരഞ്ഞെടുക്കാന്‍ മമത-ഋതബ്രത വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

Content Highlight: Vote theft, government theft, and now party theft: Rahul Gandhi on the freezing of Trinamool’s name and symbol.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more