| Thursday, 11th September 2025, 10:28 pm

സത്യമായതുകൊണ്ട് തന്നെ 'വോട്ട് ചോരി' മുദ്രാവാക്യം തീ പോലെ പടരുന്നു: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘വോട്ട് ചോരി’ മുദ്രാവാക്യം തീ പോലെ പടരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. വോട്ട് മോഷണത്തിന്റെ കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു രാഹുലിന്റെ പ്രതികരണം.

വോട്ട് മോഷ്ടിച്ചാണ് എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരിച്ചതെന്നും രാഹുല്‍ ആവര്‍ത്തിച്ചു. വോട്ട് ചോരി മുദ്രാവാക്യം ഉയര്‍ത്തിയതിന് പിന്നിലെ തെളിവുകള്‍ നല്‍കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സത്യമായതുകൊണ്ടാണ് വോട്ട് ചോരി മുദ്രവാക്യം തീ പോലെ പടരുതെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. താന്‍ പുറത്തിവിടാനിരിക്കുന്ന ഹൈഡ്രജന്‍ ബോംബ് എല്ലാം വ്യക്തമാക്കും. ബി.ജെ.പി നേതാക്കള്‍ പ്രകോപിതരാകുന്നത് നിര്‍ത്തണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ബീഹാറിലെ ‘വോട്ടര്‍ അധികാര്‍ യാത്ര’യില്‍ വരുന്ന ആറ് മാസത്തിനുള്ളില്‍ ബി.ജെ.പി വോട്ട് മോഷ്ടിച്ചുവെന്ന് സംശയങ്ങള്‍ കൂടാതെ തന്നെ തെളിയിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ബീഹാറിലെ 20 ജില്ലകളിലൂടെ 1300 കിലോമീറ്ററോളം സഞ്ചരിച്ച അധികാര്‍ യാത്ര സെപ്റ്റംബര്‍ ഒന്നിനാണ് സമീപിച്ചത്.

ഇതിനുപിന്നാലെയാണ് രാഹുല്‍ ‘വോട്ട് ചോരി’ ആരോപണം വീണ്ടും ആവര്‍ത്തിച്ചത്. ഓഗസ്റ്റ് ഏഴിന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കെതിരെയും രാഹുല്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

മോദിയുടെ വിജയത്തിന് പിന്നില്‍ വോട്ട് ചോരിയാണെന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അമിത് ഷായുടെയും തെരെഞ്ഞെടുപ്പ് കമ്മീഷന്റെയും സഹായത്തോടെ വോട്ടുകള്‍ വെട്ടിക്കുറച്ചും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തുമാണ് തെരെഞ്ഞെടുപ്പില്‍ മോദി വിജയിച്ചതെന്നായിരുന്നു രാഹുലിന്റെ ആരോപണം.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ നിയമസഭാ മണ്ഡലത്തില്‍ വന്‍ വോട്ട് തട്ടിപ്പ് നടന്നതായി കണ്ടെത്തിയെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നു.

ഒരേ വോട്ടര്‍ ഒന്നിലധികം തവണ വോട്ടര്‍ ലിസ്റ്റില്‍ വരുന്നു, ഒന്നിലധികം സംസ്ഥാനങ്ങളില്‍ ഒരേ വോട്ടര്‍, നിലവിലില്ലാത്ത വിലാസങ്ങള്‍, ഒറ്റ വിലാസത്തില്‍ ബള്‍ക്ക് വോട്ടര്‍മാര്‍, വോട്ടര്‍ ഐ.ഡികളില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ഫോട്ടോ, ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്കായി ഫോം 6 ദുരുപയോഗം ചെയ്യല്‍ തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് രാഹുല്‍ ഉയര്‍ത്തിയത്.

Content Highlight: ‘Vote chori’ slogan spreads like wildfire because it’s true: Rahul Gandhi

We use cookies to give you the best possible experience. Learn more