| Wednesday, 5th November 2025, 2:30 pm

വോട്ട് ചോരി; ബി. ഗോപാലകൃഷ്ണന്റെയും വീഡിയോ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി, 'പാന്‍ ഇന്ത്യന്‍ ഒട്ടകം'മെന്ന് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തൃശൂര്‍ മണ്ഡലത്തിലെ വോട്ട് ക്രമക്കേട് ആരോപണത്തില്‍ ബി.ജെ.പി മുതിര്‍ന്ന നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ഹരിയാന തെരഞ്ഞെടുപ്പിലെ വോട്ട് അട്ടിമറി സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഇന്ന് (ബുധന്‍) നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്  ബി. ഗോപാലകൃഷ്ണനെ കുറിച്ച് സംസാരിച്ചത്.

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ജമ്മു കശ്മീരില്‍ നിന്ന് ആളുകളെയെത്തിച്ച് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുമെന്ന ഗോപാലകൃഷ്ണന്റ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയത്. ഒരു വര്‍ഷം മുമ്പ് ആളുകളെ കൊണ്ടുവന്ന് വോട്ട് ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റെന്നും ഗോപാലകൃഷ്ണന്‍ അന്ന് ചോദിച്ചിരുന്നു.

ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയും ന്യൂദല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ രാഹുല്‍ പുറത്തുവിട്ടു. സംഭവം ശ്രദ്ധിക്കപ്പെട്ടതോടെ ബി. ഗോപാലകൃഷ്ണനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തി

‘പാന്‍ ഇന്ത്യന്‍ ഒട്ടകം’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പരിഹാസം. ഒട്ടകം ദേശീയ രാഷ്ട്രീയത്തിലേക്ക്, അല്‍ ഒട്ടഹ, ഗോപാലകൃഷ്ണന്‍ കാലമറിഞ്ഞു കളിച്ച… ഇതുവല്ലതും സുരേന്ദ്രന്‍ കാണുന്നുണ്ടോ തുടങ്ങിയ കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

2025 സെപ്റ്റംബര്‍ ഒന്ന്, 17 തീയതികളിലായി രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വോട്ട് ക്രമക്കേട് നടന്നതായി തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് തൃശൂര്‍ മണ്ഡലത്തിലും സമാനമായ ആരോപണം ഉയര്‍ന്നു.

നിലവിലെ എം.പിയായ സുരേഷ് ഗോപിക്കും ബി.ജെ.പിക്കുമെതിരെ മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍. പ്രതാപന്‍ ഉള്‍പ്പെടെ രംഗത്തെത്തുകയായിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ വി.എസ്. സുനില്‍കുമാറും ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

സംഭവം വിവാദമായതോടെ നടത്തിയ പരിശോധനയില്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും അദ്ദേഹത്തിന്റെ പങ്കാളി റാണിയ്ക്കും ഒരേസമയം കൊല്ലത്തും തൃശൂരും വോട്ടുള്ളതായി കണ്ടെത്തിയിരുന്നു.

സുരേഷ് ഗോപിയുടെ ലക്ഷ്മി നിവാസ് എന്ന കുടുംബ വീടിന്റെ അഡ്രസിലാണ് കൊല്ലം ലോക്സഭ മണ്ഡലത്തില്‍ ഇരവിപുരം നിയോജകമണ്ഡലത്തിലെ 84ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരുവര്‍ക്കും വോട്ടുള്ളത്.

അതേസമയം തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭാരത് ഹെറിറ്റേജ് വീടിന്റെ മേല്‍വിലാസത്തിലാണ് സുഭാഷ് ഗോപിയുടെയും റാണിയുടേയും പേര് ചേര്‍ത്തിരുന്നത്. എന്നാല്‍ വോട്ട് ക്രമക്കേട് ആരോപണത്തില്‍ പ്രതികരിക്കാന്‍ സുരേഷ് ഗോപി ഇതുവരെ തയ്യാറായിട്ടില്ല.

ഇതിനിടെ ബി. ഗോപാലകൃഷ്ണന്‍ നടത്തിയ പ്രതികരണമാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ ചൂണ്ടിക്കാട്ടിയത്. ഹരിയാനയിൽ ബി.ജെ.പി 25 ലക്ഷം വോട്ടുകളുടെ അട്ടിമറി നടത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന ആരോപണം.

Content Highlight: Vote chori; Rahul Gandhi releases video of B. Gopalakrishnan, social media calls him ‘Pan Indian camel’

We use cookies to give you the best possible experience. Learn more