| Sunday, 10th August 2025, 7:08 am

'അധിനിവേശം നിയമവിധേയമാക്കാനുള്ള ശ്രമം' പുടിനെ വിമര്‍ശിച്ചും ട്രംപിനെ പ്രശംസിച്ചും സെലന്‍സ്‌കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: സമാധാന കരാറിലെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഉക്രൈനിന് മേലുള്ള അധിനിവേശം നിയമവിധേയമാക്കാന്‍ ശ്രമിക്കുകയാണെന്ന് വൊളോഡിമര്‍ സെലന്‍സ്‌കി. പുടിന്‍ കീവിന്റെ പ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും ഉക്രൈന്‍ പ്രസിഡന്റ് ആരോപിച്ചു.

ഇത് പുടിന്റെ പുതിയ തന്ത്രമാണെന്ന് പറഞ്ഞ സെലന്‍സ്‌കി റഷ്യന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുകയും ചെയ്തു. ഉപരോധങ്ങളെ അദ്ദേഹം ഭയപ്പെടുന്നുവെന്നും അവയില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണെന്നും സെലന്‍സ്‌കി ആരോപിച്ചു.

തന്റെ എക്‌സ് അകൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ഉക്രൈന്‍ പ്രസിഡന്റ്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നത് പൂര്‍ണമായും മോസ്‌കോയെ ആശ്രയിച്ചിരിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു.

യുദ്ധത്തിന് ന്യായമായ ഒരു അവസാനമുണ്ടാകണമെന്നും അത് റഷ്യയെ ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കി. സ്വയം ആരംഭിച്ച യുദ്ധം അവസാനിപ്പിക്കേണ്ടത് റഷ്യയാണെന്നും സെലന്‍സ്‌കി ആരോപിച്ചു.

ഉക്രൈനിനും സഖ്യകക്ഷികള്‍ക്കും ഒരേ ലക്ഷ്യമാണ് ഉള്ളതെന്നും അത് വെടിനിര്‍ത്തലും കൊലപാതകങ്ങള്‍ അവസാനിപ്പിക്കലുമാണെന്നും ഉക്രൈന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

‘ഇവിടെ ഒരേയൊരാള്‍ മാത്രമേ എതിര്‍ക്കുന്നുള്ളൂ. അത് പുടിനാണ്. കൊല്ലാനുള്ള കഴിവ് മാത്രമാണ് അദ്ദേഹത്തിന്റെ ഏക കാര്‍ഡ്. ഇവിടെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുന്നത് സാധ്യമായ ഏറ്റവും ഉയര്‍ന്ന വിലക്ക് നില്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്,’ സെലന്‍സ്‌കി പറഞ്ഞു.

എന്നാല്‍ ക്രിമിയ നഷ്ടപ്പെട്ടതിന് ശേഷം തന്റെ രാജ്യത്തില്‍ രണ്ടാമതൊരു വിഭജനം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത സെലന്‍സ്‌കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതേ കാര്യം തന്നോട് പറഞ്ഞതായും വീഡിയോയില്‍ പറയുന്നു.

റഷ്യയും ഉക്രൈനും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിക്കാനും സെലന്‍സ്‌കി മറന്നില്ല.

‘ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പിക്കാനുള്ള അമേരിക്കയുടെ കഴിവിനെ കുറിച്ച് ആരും സംശയം പ്രകടിപ്പിക്കുന്നത് കണ്ടിട്ടില്ല. അമേരിക്കയുടെ പ്രസിഡന്റിന് അതിനുള്ള കഴിവുണ്ട്. ദൃഢനിശ്ചയമുണ്ട്. ഉക്രൈന്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ അദ്ദേഹത്തിന്റെ എല്ലാ നിര്‍ദേശങ്ങളെയും പിന്തുണച്ചിട്ടുണ്ട്,’ സെലെന്‍സ്‌കി പറഞ്ഞു.

ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉക്രൈന്‍ പ്രസിഡന്റ് റഷ്യന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ആഗസ്റ്റ് 15ന് അലാസ്‌കയില്‍ വെച്ച് പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു.

മൂന്ന് വര്‍ഷത്തില്‍ അധികമായി നീളുന്ന സംഘര്‍ഷം പരിഹരിക്കാന്‍ കഴിയുന്ന ഒരു വെടിനിര്‍ത്തല്‍ കരാറിന് ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഉള്‍പ്പെടെയുള്ള കക്ഷികള്‍ തയ്യാറാണെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

Content Highlight: Volodymyr Zelensky criticizes Putin for ‘attempting to legalize invasion’, praises Donald Trump

We use cookies to give you the best possible experience. Learn more