അഡിസ് അബെബ: എത്യോപ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം. ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വതത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ഇന്നലെ (ഞായര്‍) എട്ടരയോടെയാണ് സ്‌ഫോടനം ആരംഭിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
10,000 വര്‍ഷത്തിനിടെ ആദ്യമായാണ് ഹെയ്ലി ഗുബ്ബിയില്‍ സ്‌ഫോടനം ഉണ്ടാകുന്നതെന്നാണ് വിവരം.
സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ ഉണ്ടായ കൂറ്റന്‍ ചാരമേഘങ്ങള്‍ വടക്കേ ഇന്ത്യയിലേക്ക് നീങ്ങാന്‍ തുടങ്ങിയതായി ടുലൗസ് അഗ്‌നിപര്‍വത ആഷ് അഡൈ്വസറി സെന്റര്‍ (വി.എ.എ.സി) അറിയിച്ചു. നിലവില്‍ അഗ്‌നിപര്‍വതത്തിലെ പൊട്ടിത്തെറി അവസാനിച്ചിട്ടുണ്ടെന്നും വി.എ.എ.സി പറഞ്ഞു.
അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ മേഘങ്ങള്‍ ഗുജറാത്തില്‍ പ്രവേശിച്ച് രാജസ്ഥാന്‍, ദല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്‌ഫോടനത്തിന് പിന്നാലെ മിഡില്‍ ഈസ്റ്റിലൂടെയുള്ള വിമാന സര്‍വീസുകള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ചെങ്കടലിന് കുറുകെ മേഘങ്ങള്‍ അടിഞ്ഞുകൂടിയതോടെ ഇന്ന് (തിങ്കൾ) ഉച്ച മുതല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ തുടങ്ങിയിരുന്നു.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള രണ്ട് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജിദ്ദയിലേക്കുള്ള ആകാശ് എയര്‍, ദുബായിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസുകളാണ് റദ്ദാക്കിയത്. ഈ വിമാനങ്ങള്‍ക്ക് പകരം നാളെ (ചൊവ്വ) സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.
ആകാശ് എയര്‍ ഇതുവരെ അറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല. അതേസമയം കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിടുകയും ചെയ്തു.
6E 1433 എന്ന വിമാനം അഹമ്മദാബാദിലേക്കാണ് വഴിതിരിച്ചുവിട്ടത്. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഉംറ തീര്‍ത്ഥാടകര്‍ നെടുമ്പാശ്ശേരിയില്‍ കുടുങ്ങി.
പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നത് ഇന്ത്യന്‍ വിമാന കമ്പനികളെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Volcano erupts in Ethiopia; Flights from Nedumbassery cancelled