| Wednesday, 25th June 2025, 10:24 pm

'മേക്കപ്പിട്ട താത്താന്റെ പട്ടി ഷോ' കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണെ അധിക്ഷേപിച്ച് വ്‌ളോഗര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപുറം: കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണെ അധിക്ഷേപിച്ച് വ്‌ളോഗര്‍ പനാലി ജുനൈസ്. കൊണ്ടോട്ടിയിലെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ ദുരവസ്ഥ ചൂണ്ടിക്കാണിക്കുന്ന വീഡിയോയിലാണ് കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിത ഷഹീറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വ്‌ളോഗര്‍ നടത്തിയത്.

മുന്‍സിപ്പാലിറ്റിയിലെ താത്ത എന്ന് പറഞ്ഞ് ചെയര്‍പേഴ്‌സണെ അഭിസംബോധന ചെയ്ത ജുനൈസ് അവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാതെ കുടുംബക്കാരുടെ വീടുകളില്‍ മുന്‍സിപ്പാലിറ്റിയുടെ കൊടിവെച്ച വണ്ടിയില്‍ ലിപ് ബാമും ഫൗണ്ടേഷന്‍ ക്രീമും ഇട്ട് കയറി ഇറങ്ങുകയാണെന്നും ആ തിരക്കിനിടയില്‍ പി.ആര്‍ വര്‍ക്ക് ചെയ്യാന്‍ മറന്നുവെന്നൊക്കെയാണ് വ്‌ളോഗര്‍ പറയുന്നത്.

നിത ഷഹീറിന് പുറമെ മുന്‍ ചെയര്‍പേഴ്‌സണേയും ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ ഇയാള്‍ അധിക്ഷേപിക്കുന്നതും വീഡിയോയിലുണ്ട്. ‘മുന്‍സിപ്പാലിറ്റിയിലെ ആദ്യത്തെ രണ്ടരക്കൊല്ലം ഇംഗ്ലീഷ് അറിയാത്ത താത്തയുടെ വിളയാട്ടം ആയിരുന്നു. പിന്നത്തെ രണ്ടര കൊല്ലം മേക്കപ്പിട്ട താത്താന്റെ പട്ടി ഷോ. താത്താന്റെ മേക്കപ്പിടുന്ന പൈസ മതി റോഡ് അടയ്ക്കാന്‍,’ എന്നാണ് ജുനൈസ് വീഡിയോയില്‍ പറയുന്നത്.

ചെയര്‍പേഴ്‌സണിന് പുറമെ കൊണ്ടോട്ടി എം.എല്‍.എയായ ടി.വി. ഇബ്രാഹിമിനേയും ഇയാള്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നുണ്ട്. ലക്ഷങ്ങള്‍ വിലയുള്ള കാറിന് പരിക്ക് പറ്റിയാല്‍ ആര് നന്നാക്കിതരുമെന്നും പറഞ്ഞ കല്യാണത്തിനും പറയാത്ത കല്യാണത്തിനും പല്ലില്‍ കുത്തി ഫോട്ടോ ഇടുന്ന എം.എല്‍.എ റോഡ് നന്നാക്കി തരുമോയെന്ന് ഇയാള്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. അല്ലെങ്കില്‍ അന്തവും കുന്തവും ഇല്ലാത്ത, മുടി സ്ര്‌ടൈറ്റ് ചെയ്ത് ചീറി പാഞ്ഞ് നടക്കുന്ന ചെയര്‍പേഴ്‌സണ്‍ നന്നാക്കി തരുമോ എന്നും ഇയാള്‍ ചോദിക്കുന്നു.

ഇതൊക്കെ പറയാന്‍ താന്‍ ആരാണെന്ന്‌ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവുമെന്നും ലീഗ് കാര്‍ തന്നെയാണ് തന്നെക്കൊണ്ട് വീഡിയോ എടുപ്പിച്ചതെന്നും ഇയാള്‍ വീഡിയോയുടെ അവസാനത്തില്‍ പറയുന്നുണ്ട്.

അതേസമയം വ്‌ളോഗറുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി ചെയര്‍പേഴസണ്‍ നിത ഷഹീര്‍ രംഗത്തെത്തി. എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും എന്നാല്‍ നഗരസഭ എന്ത് ചെയ്തു, എം.എല്‍.എ എന്ത് ചെയ്തു എന്നീ കാരണങ്ങള്‍ മനസിലാക്കിയതിന് ശേഷം വേണം അത് ചെയ്യാനെന്നും നിത ഷഹീര്‍ ചൂണ്ടിക്കാട്ടി.

നഗരസഭയുടെ പരിധിയില്‍ ഇല്ലാത്ത സ്ഥലത്ത് പോലും ക്വാറി വേസ്റ്റ് തട്ടുകയും ഡ്രൈനേജ് ഓപ്പണ്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ക്ക് ചെയ്ത് നല്‍കിയതായും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. എന്‍.എച്ച്.എ.ഐ (നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ)യുടെ കീഴില്‍ ഉള്ളതായിട്ടും വ്‌ളോഗര്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് തലേദിവസം താന്‍ സൈറ്റില്‍ നേരിട്ട് പോയി ഇക്കാര്യം ചെയ്തതാണെന്നും ഇക്കാര്യങ്ങള്‍ അറിയാതെയാണ് വ്‌ളോഗര്‍ പ്രതികരിക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

നാഷണല്‍ ഹൈവേ, സ്‌റ്റേറ്റ് ഹൈവേ എന്നിവ ആരുടെ കീഴില്‍ ആണെന്നും മുനിസിപ്പാലിറ്റിയുടെ കടമകള്‍ എന്താണെന്നും അറിയാത്തതാണ് ഇത്തരമൊരു പ്രതികരണത്തിന് കാരണമെന്നും അവര്‍ പറഞ്ഞു.

വ്യക്തിഹത്യ നടത്തുന്നത് ഒരു തരത്തിലും ശരിയായ നടപടിയല്ലെന്നും ഇന്‍സ്റ്റഗ്രാം പേജില്‍ പേജില്‍ ഫോളേവേഴ്‌സ് കൂടാന്‍ നിറം, ജാതി എന്നിവുടെ പേരില്‍ ഒരാളെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ചെയര്‍ പേഴ്‌സണ്‍ തന്റെ പ്രതികരണം അവസാനിപ്പിച്ചത്.

Content Highlight: Vlogger Junais Panali insults Kondotty municipality chairperson Nitha Shaheer

We use cookies to give you the best possible experience. Learn more