തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറിനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് മട്ടന്നൂര്‍ എം.എല്‍.എ കൂടിയായ സനോജിന്റെ വിമര്‍ശനം.
ബംഗാളില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ജെ.പി മുഖ്യമന്ത്രി സുവേന്തു അധികാരിയുടെ സെക്രട്ടറിയായി നിയമിതനായപ്പോള്‍ വിമര്‍ശനമുന്നയിച്ച രാഹുല്‍ ഗാന്ധിക്ക് കേരളത്തിലെ സംഭവവികാസങ്ങളില്‍ എന്ത് മറുപടിയാണ് പറയാനുള്ളതെന്ന് സനോജ് ചോദിച്ചു.
യു.ഡി.എഫുകാര്‍ ഇലക്ഷന്‍ കാലത്ത് ഡീല്‍ ആരോപണം ഉയര്‍ത്തിയതും, ലീഗുകാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സ്‌ട്രോങ്ങ് റൂമിന് കാവലിരുന്നതുമൊക്കെ ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പെരുമാറ്റ രീതിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസിലാകുന്നുണ്ടെന്നും സനോജ് വിമര്‍ശിച്ചു.
സനോജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘കൂടുതല്‍ വലിയ കള്ളത്തരം നടത്തുന്നയാള്‍ക്ക് കൂടുതല്‍ വലിയ പ്രതിഫലം ലഭിക്കും’
പശ്ചിമ ബംഗാളിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ മനോജ് അഗര്‍വാള്‍ ബി.ജെ.പി മുഖ്യമന്ത്രി സുവേന്തു അധികാരിയുടെ സെക്രട്ടറിയായി നിയമിതനായപ്പോള്‍ രാഹുല്‍ ഗാന്ധി നടത്തിയ മറുപടി ഇപ്രകാരമായിരുന്നു.
ഇപ്പോള്‍ കേരളത്തിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതനാകുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി എന്താണ്?
ഇലക്ഷന്‍ കമ്മീഷന്റെ ഡോക്യുമെന്റില്‍ ബി.ജെ.പിയുടെ സീല്‍ പതിച്ച വിവാദ വിഷയത്തില്‍ ന്യായം പറഞ്ഞയാള്‍ എന്ത് കള്ളം ചെയ്ത് തന്നതിന് കൊടുത്ത റിവാര്‍ഡാണ് ഈ സെക്രട്ടറി പദവിയെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം.
യു.ഡി.എഫുകാര്‍ ഇലക്ഷന്‍ കാലത്ത് ഡീല്‍ ആരോപണം ഉയര്‍ത്തിയതും, ലീഗുകാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സ്‌ട്രോങ്ങ് റൂമിന് കാവലിരുന്നതുമൊക്കെ ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പെരുമാറ്റ രീതിയാണെന്ന് ഇപ്പോള്‍ മലയാളികള്‍ മനസ്സിലാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനമുണ്ടായത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു.
2024 ഡിസംബര്‍ നാലിനാണ് രത്തന്‍ ഖേല്‍ക്കര്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ചുമതലയേറ്റത്.
ടി. ശ്രീകുമാര്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കും. സിജി ജി.എസ്. പ്രസ് സെക്രട്ടറിയായും റോയ് മാത്യു മീഡിയ സെക്രട്ടറിയായും ചുമതലയേല്‍ക്കും. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ആദ്യ ഘട്ടത്തില്‍ 20 പേരെയാണ് നിയമിച്ചിരിക്കുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും വിരമിച്ച പ്രമുഖരെയും ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഉത്തരവിലാണ് നിയമന വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
Content Highlight: VK Sanoj criticizes Ratan Khelkar’s appointment as Chief Minister V.D. Satheesan’s Principal Secretary